ലണ്ടൻ ബ്രിഡ്ജിന് സമീപം കത്തി ആക്രമണം; അക്രമിയെ പോലീസ് വെടിവെച്ച് വീഴ്ത്തി

ലണ്ടൻ: ഇംഗ്ലണ്ടിലെ പ്രശസ്തമായ ലണ്ടൻ ബ്രിഡ്ജിനു സമീപം ഉണ്ടായ കത്തി ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. ആക്രമണത്തിന് പിന്നാലെ പോലീസ് പ്രദേശം വളഞ്ഞ് ജനങ്ങളെ ഒഴിപ്പിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ ഒരാളെ വെടിവെച്ച് വീഴ്ത്തിയതായും ഇയാൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

പ്രാദേശിക സമയം ഉച്ചയ്ക്ക് 1.58 നാണ് പ്രദേശത്ത് ആക്രമണം ഉണ്ടായത്. അക്രമിയെ കീഴ്‌പ്പെടുത്തിയതായി മെട്രോപൊളിറ്റൻ പോലീസ് പ്രസ്താവനയിൽ അറിയിച്ചു. 2017ൽ മൂന്ന് അക്രമികൾ കാൽനട യാത്രക്കാരുടെ നേരെ വാഹനം ഇടിച്ചു കയറ്റിയ അതേ പ്രദേശത്താണ് ഇപ്പോൾ കത്തി ആക്രമണവും ഉണ്ടായിരിക്കുന്നത്. 2017ൽ എട്ടുപേരാണ് ഇവിടെ കൊല്ലപ്പെട്ടത്.

ലണ്ടൻ ബ്രിഡ്ജിലൂടെ ജനങ്ങൾ ഭയന്ന് ഓടുന്നതായി വീഡിയോയിൽ കാണാം. ലണ്ടൻ ബ്രിഡ്ജിലുണ്ടായ സംഭവം പരിശോധിച്ചു വരികയാണെന്നും അടിയന്തരമായി ഇടപെട്ട പോലീസിനും എമർജൻസി സർവീസുകൾക്കും നന്ദി അറിയിക്കുന്നതായും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രതികരിച്ചു.

Exit mobile version