കഞ്ചാവിന്റെ രുചികള്‍ തിരിച്ചറിയാം, മാസം രണ്ടുലക്ഷം രൂപ ശമ്പളം: ജോലിയ്ക്ക് അപേക്ഷ ക്ഷണിച്ച് ഓണ്‍ലൈന്‍ മാസിക

വാഷിംങ്ടണ്‍: കഞ്ചാവിന്റെ രുചികള്‍ തിരിച്ചറിയാന്‍ വൈദഗ്ദ്യം ഉള്ളവര്‍ക്ക് ലക്ഷങ്ങള്‍ ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് അമേരിക്കന്‍ മാഗസിന്‍. അമേരിക്കന്‍ മരിജുവാന എന്ന മെഡിക്കല്‍ ഓണ്‍ലൈന്‍ മാസികയാണ് പ്രതിമാസം 3000 ഡോളര്‍ (2,15,000) രൂപ വാഗ്ദാനം ചെയ്യുന്നത്.

കഞ്ചാവ് ഉത്പ്പന്നങ്ങളെക്കുറിച്ച് ഗവേഷണം നടത്തുകയും പഠനങ്ങള്‍ നടത്തുകയും ചെയ്യുന്ന ഓണ്‍ലൈന്‍ മാസികയാണ് അമേരിക്കന്‍ മരിജുവാന. വിവിധങ്ങളായ കഞ്ചാവ് ഉല്‍പന്നങ്ങള്‍ പുകവലിച്ചോ, രുചിച്ചുനോക്കിയോ അതിന്റെ ഗുണനിലവാരം വിലയിരുത്തുകയാണ് ജോലി. കഞ്ചാവ് കള, കഞ്ചാവ് ഉപയോഗിച്ച് നിര്‍മിച്ചിട്ടുള്ള വിവിധ ഉല്‍പന്നങ്ങള്‍, എണ്ണകള്‍ എന്നിവയുടെ ഗുണനിലവാരമാണ് വിലയിരുത്തേണ്ടത്.

”വിവിധ കഞ്ചാവ് ഉല്‍പ്പന്നങ്ങളെക്കുറിച്ച് ഞങ്ങളുടെ വായനക്കാര്‍ക്ക് സത്യസന്ധവും വിശ്വസനീയവുമായ സ്ഥിതിവിവരക്കണക്കുകള്‍ നല്‍കുക. 100 ശതമാനവും കഞ്ചാവ് ഉല്‍പന്നങ്ങള്‍ വിലയിരുത്തുക മാത്രമായിരിക്കും ജോലി.” ജോലി പരസ്യം ഇങ്ങനെയാണ്.

അതേസമയം, ലോകത്തെവിടെയും ഉള്ളവര്‍ക്ക് ഈ ജോലി ലഭിക്കില്ല. കഞ്ചാവ് മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന അമേരിക്കയിലോ കാനഡയിലോ താമസിക്കുന്നവരായിരിക്കണം അപേക്ഷിക്കേണ്ടത്.

ജോലിക്ക് അപേക്ഷ സ്വീകരിച്ച് ചുരുങ്ങിയ സമയത്തിനുള്ളില്‍ 3000 അപേക്ഷകള്‍ ലഭിച്ചതായി അമേരിക്കന്‍ മരിജുവാന മാസികയുടെ എഡിറ്റര്‍-ഇന്‍-ചീഫ് ഡൈ്വറ്റ് കെ. ബ്ലെയ്ക്ക് പറയുന്നു.

Exit mobile version