കൊച്ചിയില്‍ മെട്രോ പില്ലറുകള്‍ക്കിടയിലെ പൂന്തോട്ടത്തില്‍ തഴച്ചുവളര്‍ന്ന് കഞ്ചാവ് ചെടികള്‍

കൊച്ചി: മെട്രോ പില്ലറുകള്‍ക്കിടയില്‍ വളര്‍ത്തി വന്ന ചെടികളുടെ കൂട്ടത്തില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി. പാലാരിവട്ടത്തെ ട്രാഫിക് സിഗ്‌നലിന് സമീപത്തുള്ള 516-517 പില്ലറുകള്‍ക്കിടയിലാണ് നാലുമാസം പ്രായമുള്ള ചെടികള്‍ കണ്ടെത്തിയത്.

എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചെടികള്‍ കണ്ടെത്തിയത്. 130 സെന്റീമീറ്ററോളം ഉയരവും 31 ശിഖരങ്ങളും ചെടിക്കുണ്ടായിരുന്നു. റെനെ മെഡിസിറ്റി പരിപാലിച്ചുപോന്നിരുന്ന പൂന്തോട്ടത്തിലാണ് കഞ്ചാവ് ചെടികള്‍ വളര്‍ന്നിരുന്നതെന്നാണ് റിപ്പോര്‍ട്ട്.

രാജമല്ലിച്ചെടികള്‍ക്കൊപ്പം നിന്നതിനാല്‍ തിരിച്ചറിയാന്‍ പ്രയാസമായിരുന്നു. മനപൂര്‍വം ആരോ വളര്‍ത്തിയ ചെടിയാണിതെന്നാണ് പോലീസിന്റെ സംശയം. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും പ്രദേശത്ത് ചെടികള്‍ നട്ടുവളര്‍ത്തിയവരെ ചോദ്യം ചെയ്യുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇവിടെയുള്ള സിസിടിവികളും പരിശോധിക്കും.

Exit mobile version