വന്‍നാശം വിതച്ച് ഓസ്ട്രേലിയയില്‍ കാട്ടൂതീ പടരുന്നു; സിഡ്നിയില്‍ യുദ്ധസമാന അന്തരീക്ഷം

ആളിക്കത്തിയ കാട്ടുതീ അണയ്ക്കാനാകാതെ ഓസ്ട്രേലിയയില്‍ അഗ്‌നിരക്ഷാപ്രവര്‍ത്തകര്‍. അന്തരീക്ഷതാപനില കൂടിയതും വരണ്ട കാലാവസ്ഥയും ശക്തമായ കാറ്റും വലിയ വിപത്താണ് വിളിച്ചുവരുത്തുന്നത്.

സിഡ്‌നി: ആളിക്കത്തിയ കാട്ടുതീ അണയ്ക്കാനാകാതെ ഓസ്ട്രേലിയയില്‍ അഗ്‌നിരക്ഷാപ്രവര്‍ത്തകര്‍. അന്തരീക്ഷതാപനില കൂടിയതും വരണ്ട കാലാവസ്ഥയും ശക്തമായ കാറ്റും വലിയ വിപത്താണ് വിളിച്ചുവരുത്തുന്നത്. ദുരന്തസമാനമായ അന്തരീക്ഷമെന്നാണ് അഗ്‌നിരക്ഷാപ്രവര്‍ത്തകര്‍ വിശേഷിപ്പിച്ചത്.

ന്യൂസൗത്ത് വെയില്‍സില്‍ ചൊവ്വാഴ്ച താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു. മണിക്കൂര്‍ 65 കിലോമീറ്ററായിരുന്നു കാറ്റിന്റെ വേഗം. ന്യൂ സൗത്ത് വെയില്‍സിലും ക്വീന്‍സ് ലാന്‍ഡിലും കഴിഞ്ഞദിവസം സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

കാട്ടുതീയില്‍ മൂന്നുമരണം റിപ്പോര്‍ട്ടുചെയ്തു. 100 പേര്‍ക്ക് പരിക്കേറ്റു. ആയിരങ്ങളാണ് വീടുപേക്ഷിച്ചു പോയത്. ഒരാഴ്ചയ്ക്കിടെ 120 ഇടത്താണ് തീ പടര്‍ന്നു പിടിച്ചത്. ഇതില്‍ 50 ഇടത്ത് ഇനിയും അണയ്ക്കാനായിട്ടില്ല. സിഡ്‌നി നഗരത്തിനോടടുത്ത പ്രദേശങ്ങളിലും ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂ സൗത്ത് വെയില്‍സില്‍മാത്രം 10 ലക്ഷത്തോളം ഹെക്ടര്‍ സ്ഥലവും 200 വീടുകളും നശിച്ചു.

സ്ഥിതിഗതികള്‍ കൂടുതല്‍ മോശമാവും മുന്‍പ് സമീപപ്രദേശങ്ങളില്‍നിന്ന് എല്ലാവരും ഒഴിഞ്ഞുപോവണമെന്ന് അഗ്‌നിരക്ഷാസേന ജനങ്ങള്‍ക്ക് മുന്നറിയിപ്പുനല്‍കി. അഗ്‌നിരക്ഷാസേനയിലെ 3000 പേരാണ് തീയണയ്ക്കാന്‍ ശ്രമിക്കുന്നത്. തീരപ്രദേശങ്ങളിലെ ആയിരം കിലോമീറ്ററോളം വരുന്നപ്രദേശത്ത് 60 വിമാനങ്ങളും രംഗത്തുണ്ട്.

Exit mobile version