ഓസ്‌ട്രേലിയയില്‍ കാട്ടുതീ പടരുന്നു; മരണം 23 ആയി, 52.5 ലക്ഷം ഹെക്ടര്‍ സ്ഥലം കത്തിനശിച്ചു

സ്ഥിതി ഇനിയും കൂടുതല്‍ മോശമാകുമെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ കാട്ടുതീ പടരുന്നു. സെപ്റ്റംബര്‍ 23ന് ആരംഭിച്ച കാട്ടുതീയില്‍ ഇതുവരെ മരിച്ചത് 23 പേരാണ്. 52.5 ലക്ഷം ഹെക്ടര്‍ സ്ഥലമാണ് കാട്ടുതീയില്‍ കത്തിനശിച്ചത്. അതേസമയം കടുത്ത ചൂടും ശക്തമായ കാറ്റും കാരണം അധികൃതര്‍ക്ക് തീ അണയ്ക്കാനോ നിയന്ത്രിക്കാനോ സാധിക്കുന്നില്ല. കാട്ടുതീ കാരണം വിക്ടോറിയയില്‍ പതിനാല് സ്ഥലങ്ങളിലും ന്യൂ സൗത്ത് വെയ്ല്‍സില്‍ പതിനൊന്ന് ഇടങ്ങളിലും സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്.

പുകയും ചാരവും കാരണം ജനജീവിതവും ദുസ്സഹമായിരിക്കുകയാണ്. സ്ഥിതി ഇനിയും കൂടുതല്‍ മോശമാകുമെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. വിക്ടോറിയയിലെ മല്ലകൂട്ടയില്‍ കുടുങ്ങിപ്പോയ ആയിരത്തോളം സഞ്ചാരികളെ ഇന്നലെ രാവിലെ മെല്‍ബണിലെത്തിച്ചു.

കാട്ടുതീ നേരിടുന്ന സൈന്യത്തെ സഹായിക്കുന്നതിന് വേണ്ടി 3000 റിസര്‍വ് സൈനികരെക്കൂടി നിയോഗിച്ചിട്ടുണ്ട്. മൂന്നാമതൊരു യുദ്ധക്കപ്പല്‍ കൂടി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പുറപ്പെട്ടിട്ടുണ്ട്. കാട്ടുതീ നിയന്ത്രണ വിധേയമാകാത്തതിനെ തുടര്‍ന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ചിരുന്നു.

Exit mobile version