കാശ്മീർ വിഷയത്തിൽ ഇന്ത്യയെ പിന്തുണയ്ക്കുന്ന എല്ലാ രാജ്യങ്ങളേയും ശത്രുവായി കാണും; മിസൈൽ ആക്രമണം നടത്തും; ഭീഷണിയുമായി പാകിസ്താൻ മന്ത്രി

ഇസ്ലാമാബാദ്: ജമ്മുകാശ്മീർ വിഷയത്തിൽ ഇന്ത്യയെ പിന്തുണക്കുന്ന എല്ലാ രാജ്യങ്ങളേയും ശത്രുവായി കണക്കാക്കുമെന്ന് പാക്‌സിതാൻ മന്ത്രിയുടെ മുന്നറിയിപ്പ്. ഈ രാജ്യങ്ങൾക്ക് നേരെ മിസൈൽ ആക്രമണം നടത്തുമെന്നും പാകിസ്താനിലെ ഗിൽഗിത് ബാൾടിസ്താൻ വകുപ്പു മന്ത്രിയായ അലി അമിൻ ഗന്ദാപുരമന്ത്രി ഭീഷണി മുഴക്കി.

മന്ത്രിയുടെ പ്രകോപനപരമായ പ്രസ്താവനയുടെ വീഡിയോ ദൃശ്യങ്ങൾ പാകിസ്താൻ മാധ്യമപ്രവർത്തക ട്വിറ്ററിലൂടെ പുറത്തുവിടുകയായിരുന്നു. കാശ്മീർ പ്രശ്‌നത്തിൽ സംഘർഷം വളരുകയാണെങ്കിൽ ഇന്ത്യയുമായി യുദ്ധം തുടങ്ങാൻ പാകിസ്താൻ നിർബന്ധിതരാകും. പാകിസ്താനെ പിന്തുണക്കാതിരിക്കുകയും ഇന്ത്യക്ക് പിന്തുണ നൽകുകയും ചെയ്യുന്ന രാജ്യങ്ങളെ തങ്ങൾ ശത്രുക്കളായി കണക്കാക്കും. ഇന്ത്യക്കെതിരെയും പിന്തുണക്കുന്ന രാജ്യങ്ങൾക്കെതിരേയും മിസൈൽ തൊടുത്തുവിടും- മന്ത്രി ഭീഷണി മുഴക്കി.

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത കളഞ്ഞതിന് പിന്നാലെ പാകിസ്താൻ ഇന്ത്യയുമായുള്ള ഉഭയകക്ഷി സഹകരണങ്ങൾ ഏകപക്ഷീയമായി പിൻവലിച്ചിരുന്നു. കാശ്മീർ വിഷയം ആഭ്യന്തര വിഷയമാണെന്ന ഇന്ത്യയുടെ നിലപാടിന് സാർക്ക്, അറബ് രാജ്യങ്ങളുടെയുൾപ്പെടെ പിന്തുണയും ലഭിച്ചു. അന്താരാഷ്ട്ര തലത്തിൽ പാകിസ്താന്റെ നിലപാടിന് തിരിച്ചടി നേരിടുന്നതിനിടെയാണ് പാക് മന്ത്രിയുടെ പ്രകോപനപരമായ പ്രസ്താവന.

Exit mobile version