കരയിലും വെള്ളത്തിലും ജീവിക്കാൻ കഴിയുന്ന സ്നേക്ക്ഹെഡ്‌സ് മത്സ്യത്തെ കണ്ടെത്തി; ഉടൻ തിന്നു തീർക്കാൻ ജനങ്ങൾക്ക് നിർദേശം

ജോർജിയ: രാജ്യത്തെ ജലാശയത്തിൽ നിന്നും കരയിലും വെള്ളത്തിലും ജീവിക്കാൻ സാധിക്കുന്ന നോർതേൺ സ്നേക്ക്ഹെഡ് എന്ന മത്സ്യയിനത്തെ കണ്ടെത്തിയതിന്റെ പരിഭ്രാന്തിയിലാണ് ജോർജിയയിലെ നാച്വറൽ റിസോഴ്സസ് ഡിപ്പാർട്ട്മെന്റ്. വെള്ളത്തിൽ മാത്രമല്ല നാല് ദിവസത്തോളം കരയിലും ജീവൻ നിലനിർത്താൻ സാധിക്കുന്ന മത്സ്യമാണ് നോർതേൺ സ്നേക്ക്ഹെഡ്സ്.

മത്സ്യബന്ധനത്തിനിടെ വലയിൽ കുടുങ്ങുന്ന സ്നേക്ക് ഹെഡിനെ കിട്ടിയാലുടനെ കൊന്നുകളയാൻ അധികൃതർ നിർദേശിക്കുന്നു. ജലാശയങ്ങളിലെ മറ്റ് ജീവികളുടെ നിലനിൽപ്പിന് തന്നെ ഈ മത്സ്യം ഭീഷണിയാകും എന്നതിനാലാണ് ഇത്. നിലവിലെ ഭക്ഷ്യശൃംഖലയും ആവാസവ്യവസ്ഥയും നശിക്കാൻ സ്നേക്ക് ഹെഡ്‌സിന്റെ സാന്നിധ്യം കാരണമായേക്കും.

ജോർജിയയിലെ ഗ്വിന്നറ്റ് കൗണ്ടിയിലാണ് സ്നേക്ക്ഹെഡിനെ കണ്ടെത്തിയത്. ഏഷ്യൻ മേഖലയിൽ സർവസാധാരണമാണ് സ്നേക്ക്ഹെഡ്. പാമ്പിന്റെ തലയുടെ ആകൃതിയുള്ള തലയായതിനാലാണ് ഈ മീനിന് സ്നേക്ക്ഹെഡ് എന്ന പേര് ലഭിച്ചത്. മൂന്നടിയിലേറെ നീളം വെയ്ക്കുന്ന സ്നേക്ക് ഹെഡിന് നാല് ദിവസം വെള്ളത്തിലല്ലാതെ ജീവിക്കാനും ശരീരത്തിലെ ജലാംശം നിലനിർത്താനും സാധിക്കും.

മറ്റ് മത്സ്യങ്ങൾ, തവളകൾ, എലികൾ തുടങ്ങിയ ചെറുജീവികളെയൊക്കെ സ്നേക്ക് ഹെഡ് ഭക്ഷണമാക്കും. വരൾച്ചാകാലത്ത് ചെളിയിൽ പുതഞ്ഞ് ജീവിക്കാനും സ്നേക്ക്ഹെഡിന് സാധിക്കും. ഭക്ഷ്യയോഗ്യമായ ഈ മത്സ്യം പോഷകസമ്പുഷ്ടവുമാണ്.

Exit mobile version