കഴുത്തോളം കടത്തിൽ മുങ്ങി പാകിസ്താൻ; കടക്കെണിയിൽ ഇമ്രാൻ ഖാന് റെക്കോർഡും

ഇസ്ലാമാബാദ്: ലോക രാജ്യങ്ങൾക്ക് മുന്നിൽ നാണംകെട്ട് പാകിസ്താൻ. കടം വാങ്ങി മുടിഞ്ഞ നിലയിലാണ് നിലവിൽ രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയെന്ന് കണക്കുകൾ. കടം വാങ്ങുന്നതിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ റെക്കോർഡുമിട്ടു. ഇമ്രാൻ ഖാൻ സർക്കാർ അധികാരത്തിലെത്തി ഒരു വർഷം തികയുന്നതിനിടെ തന്നെ കടം വാങ്ങി കൂട്ടുകയാണെന്നാണ് റരിപ്പോർട്ടുകൾ. ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്തിന്റെ മൊത്തം കടത്തിൽ 7,509 ബില്യൺ പാകിസ്താനി രൂപയുടെ വർധനവാണ് ഇക്കാലയളവിൽ രേഖപ്പെടുത്തിയത്. രാജ്യത്ത് ഇതുവരെയുള്ള റെക്കോർഡാണിത്.

കടം വാങ്ങിയതിന്റെ വിവരങ്ങൾ സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താൻ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചെന്ന് പാക് മാധ്യമങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. 2018 ഓഗസ്റ്റ് മുതൽ 2019 ഓഗസ്റ്റ് വരെയുള്ള കാലയളവിൽ 2,804 ബില്യൺ രൂപയാണ് സർക്കാർ വിദേശത്ത് നിന്ന് കടം വാങ്ങിയത്. 4,705 ബില്യൺ രൂപ ആഭ്യന്തര സ്രോതസുകളിൽ നിന്നും വാങ്ങി.

സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താന്റെ കണക്ക് പ്രകാരം നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ രണ്ട് മാസങ്ങളിൽ രാജ്യത്തിന്റെ പൊതുകടത്തിൽ 1.43 ശതമാനം വർധനവുണ്ടായി. ഫെഡറൽ സർക്കാരിന്റെ കടം 32,240 ബില്യൺ രൂപയിലെത്തിയെന്നും കണക്ക് വിശദീകരിക്കുന്നു.

Exit mobile version