മരുന്നിന് പാര്‍ശ്വഫലം; ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിക്ക് വീണ്ടും പിഴ

മാനസികാരോഗ്യത്തിനുള്ള മരുന്ന് പുരുഷന്മാരില്‍ സ്തനവളര്‍ച്ച ഉണ്ടാകുന്നുവെന്ന കേസില്‍ കമ്പനിക്ക് 800 കോടി ഡോളര്‍ പിഴ ചുമത്തി കോടതി.

ന്യൂയോര്‍ക്ക്: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനി വീണ്ടും വിവാദത്തില്‍ കുടുങ്ങിയിരിക്കുകയാണ്. മാനസികാരോഗ്യത്തിനുള്ള മരുന്ന് പുരുഷന്മാരില്‍ സ്തനവളര്‍ച്ച ഉണ്ടാകുന്നുവെന്ന കേസില്‍ കമ്പനിക്ക് 800 കോടി ഡോളര്‍ പിഴ ചുമത്തി കോടതി.

യുഎസിലെ പെന്‍സില്‍വാനിയ കോടതിയാണ് ഭീമമായ പിഴ ചുമത്തിയത്. മാനസിക രോഗമായ സ്‌കിസോഫ്രീനിയക്ക് റിസ്പെര്‍ഡാല്‍ എന്ന മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് സ്തന വളര്‍ച്ച ഉണ്ടായി എന്ന് ആരോപിച്ച് നിക്കോളാസ് മുറെ എന്ന യുവാവ് നല്‍കിയ കേസിലാണ് കോടതിയുടെ ഉത്തരവ്.

ഓട്ടിസം ബാധിച്ച മുറെ ചെറുപ്പത്തില്‍ റിസ്പെര്‍ഡാല്‍ കഴിച്ചിരുന്നുവെന്നും ഇതേ തുടര്‍ന്ന് സ്തനവളര്‍ച്ച ഉണ്ടായതായും അദ്ദേഹം പറഞ്ഞു. കേസ് പരിഗണിച്ച കോടതി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണും അനുബന്ധ കമ്പനിയായ ജാന്‍സണ്‍ ഫാര്‍മസ്യൂട്ടിക്കലും 800 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ച് ഉത്തരവിടുകയായിരുന്നു.

മരുന്നിന്റെ പാര്‍ശ്വഫലങ്ങളെ കുറിച്ച് അറിവുണ്ടായിരുന്നിട്ടും കമ്പനി അത് മറച്ചുവച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി വിധി. അതേസമയം ഉത്തരവിനെതിരെ കമ്പനി അപ്പീല്‍ പോകുമെന്നാണ് സൂചന.

Exit mobile version