ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ വാക്‌സീന്‍ ഡെല്‍റ്റ വകഭേദത്തിനെതിരെ ഫലപ്രദമെന്ന് പഠനം

vaccine | Bignewslive

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ കോവിഡ് വാക്‌സീന്‍ ഡെല്‍റ്റ വകഭേദത്തിനെതിരെ ഫലപ്രദമെന്ന് കണ്ടെത്തല്‍. ഡെല്‍റ്റ വകഭേദത്തിനെതിരെ കുറഞ്ഞത് എട്ട് മാസമെങ്കിലും പ്രതിരോധ ശേഷി നല്‍കാന്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ഒറ്റ ഡോസ് വാക്‌സീന്‍ കൊണ്ടാവുമെന്ന് കമ്പനി പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് പറയുന്നത്.

തീവ്ര,ഗുരുതര, കോവിഡ് ബാധയ്‌ക്കെതിരെ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സീന്‍ 85 ശതമാനം ഫലപ്രദമാണെന്ന് മൂന്നാം ഘട്ട പരീക്ഷണഫലങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. കോവിഡിന്റെ ബീറ്റ, സീറ്റ വകഭേദങ്ങളുള്ള ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നിവിടങ്ങളില്‍ അടക്കം നടന്ന പരീക്ഷണത്തില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സീന്‍ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഡെല്‍റ്റ വകഭേദത്തിനെതിരെ മാത്രമല്ല കോവിഡിന്റെ ഗാമ, ആല്‍ഫ, എപ്‌സിലോണ്‍, കപ്പ വകഭേദങ്ങള്‍ക്കെതിരെയും യഥാര്‍ഥ കൊറോണ വൈറസിനെതിരെയും ന്യൂട്രിലൈസിങഅ ആന്റിബോഡികള്‍ പുറപ്പെടുവിക്കാന്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സീന് സാധിച്ചിട്ടുണ്ട്.

വാക്‌സീന്‍ മൂലമുണ്ടാകുന്ന ടി സെല്‍ പ്രതികരണങ്ങള്‍ എട്ട് മാസത്തിലേറെ തുടരുമെന്നും കമ്പനി അവകാശപ്പെടുന്നു. കോവിഡ് മഹാമാരിയെ അവസാനിപ്പിക്കുന്നതില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സീന് നിര്‍ണായക പങ്ക് വഹിക്കാനാകുമെന്ന് ജാന്‍സന്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ആരോള മേധാവി മത്തായി മാമ്മന്‍ പറഞ്ഞു.ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ 66.3 ശതമാനം ഫലപ്രാപ്തി കാണിച്ചതായി അമേരിക്കയിലെ സിഡിസി അടുത്തിടെ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ജൂലൈ അവസാനത്തോടെ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സീന്‍ ഇന്ത്യയില്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യയില്‍ വാക്‌സീന് ഏകദേശം 2000 രൂപയ്ക്കടുത്ത് വിലയുണ്ടാകുമെന്നാണ് കരുതുന്നത്.

Exit mobile version