നിങ്ങൾ കയറ്റുമതി നിർത്തുമല്ലേ, എന്നാൽ ഞങ്ങൾ സവാള തീറ്റയും നിർത്തി; ഇന്ത്യയോട് ബംഗ്ലാദേശ്

സവാള കഴിക്കാതിരിക്കാൻ നിർബന്ധിതരായിരിക്കുകയാണെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയാണ് അറിയിച്ചത്.

ന്യൂഡൽഹി: രാജ്യത്ത് സവാള വില കുതിച്ചുയർന്നതിനെ തുടർന്ന് കയറ്റുമതി നിർത്തിയതിനു പിന്നാലെ ഇന്ത്യയ്ക്ക് സങ്കട കത്ത് നൽകി ബംഗ്ലാദേശ്. ഇന്ത്യ കയറ്റുമതി നിരോധിച്ചതിനാൽ സവാള കഴിക്കാതിരിക്കാൻ നിർബന്ധിതരായിരിക്കുകയാണെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയാണ് അറിയിച്ചത്. സവാള കയറ്റുമതി നിരോധിച്ച ഇന്ത്യയുടെ തീരുമാനത്തിൽ ഹസീന അതൃപ്തിയും അറിയിച്ചു.

നാല് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനിടെയാണ് സവാളയുടെ കയറ്റുമതി വിഷയത്തിൽ ഷെയ്ക്ക് ഹസീന നിലപാട് വ്യക്തമാക്കിയത്. ഇന്ത്യ കയറ്റുമതി നിരോധിച്ചതിനാൽ തന്റെ ഭക്ഷണത്തിൽ സവാള ഉൾപ്പെടുത്താൻ സാധിക്കുന്നില്ലെന്ന് ഹസീന പറഞ്ഞു. സവാള കയറ്റുമതി നിർത്തലാക്കിയതോടെ ബംഗ്ലാദേശ് ബുദ്ധിമുട്ടിലായെന്നും ഇന്ത്യ സവാള കയറ്റുമതി നിരോധിച്ചതിലുള്ള ആശങ്ക ഇന്ത്യൻ സർക്കാറിനെ അറിയിക്കുമെന്നും ഹസീന പറഞ്ഞു.

സവാള കൃഷിയിൽ വിളവ് ഇത്തവണ മോശമായതിനെ തുടർന്നാണ് ആഭ്യന്തര വിപണിയിൽ വില കുത്തനെ ഉയർന്നത്. ഇതോടെ രാജ്യത്തു നിന്നുള്ള സവാള കയറ്റുമതി ഇന്ത്യ നിരോധിക്കുകയായിരുന്നു. ഇന്ത്യയിൽ സവാളയുടെ വില കിലോക്ക് 60 രൂപക്ക് മുകളിലെത്തിയതോടെയായിരുന്നു തീരുമാനം. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സവാള ഉൽപാദകരായ ഇന്ത്യയുടെ തീരുമാനം ഏഷ്യൻ രാജ്യങ്ങളെ പ്രതിസന്ധിയിലാക്കാൻ പോന്നത് തന്നെയാണ്.

ഇതോടെ പ്രതിസന്ധിയിലായ ബംഗ്ലാദേശിൽ കിലോക്ക് 40 ടാക്ക വിലയുണ്ടായിരുന്ന സവാളയ്ക്ക് ഇന്ത്യ കയറ്റുമതി നിരോധിച്ചതിനാൽ 140 ടാക്കയായി ഉയർന്നു. മൺസൂൺ വൈകിയതിനെ തുടർന്നാണ് രാജ്യത്തെ സവാള ഉൽപാദനം കുത്തനെ ഇടിഞ്ഞത്.

Exit mobile version