നാശം വിതച്ച് കാട്ടുതീ; കാലിഫോര്‍ണിയയില്‍ 631 പേരെ കാണാതായി; രക്ഷാ പ്രവര്‍ത്തനം തുടരുന്നു

മരണസംഖ്യ ഇപ്പോള്‍ 63 ലെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് കണ്ടെത്താനുള്ളവരുടെ സംഖ്യയും വര്‍ധിക്കുന്നത്.

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയില്‍ ഉണ്ടായ കാട്ടുതീയില്‍ കാണാതായവരുടെ എണ്ണം 631 ആയി. ബുധനാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 500 പേരെയായിരുന്നു കണ്ടെത്താനുണ്ടായിരുന്നത്. മരണസംഖ്യ ഇപ്പോള്‍ 63 ലെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് കണ്ടെത്താനുള്ളവരുടെ സംഖ്യയും വര്‍ധിക്കുന്നത്.

എട്ടുദിവസം മുമ്പ് പൊട്ടിപുറപ്പെട്ട കാട്ടുതീ കനത്ത നഷ്ടമാണ് കാലിഫോര്‍ണിയയില്‍ വരുത്തിയിട്ടുള്ളത്. നവംബര്‍ എട്ടിന് രാവിലെയാണ് പാരഡൈസ് പട്ടണത്തില്‍ തീപ്പിടിത്തമുണ്ടായത്. കാലിഫോര്‍ണിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അപകടത്തില്‍ 12,000 കെട്ടിടങ്ങളാണ് നശിച്ചത്. 9700 വീടുകളും നശിച്ചവയില്‍പെടുന്നു.

140,000 ഏക്കറുകളിലായാണ് തീ വ്യാപിച്ചിരിക്കുന്നത്. വ്യാഴാഴ്ച വരെ 40 ശതമാനം തീയണയ്ക്കാനേ സാധിച്ചിട്ടുള്ളൂ. 9400 ഓളം അഗ്‌നിശമനാ ഉദ്യോഗസ്ഥരാണ് തീയണച്ചു കൊണ്ടിരിക്കുന്നത്.

നിലവില്‍ സൈന്യവും ഫോറന്‍സിക് സംഘവും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആളുകള്‍ക്കായുള്ള തെരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. തിരച്ചില്‍ ദൗത്യം പൂര്‍ത്തിയാക്കാന്‍ ആഴ്ചകളെടുക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

Exit mobile version