യുദ്ധത്തിനു വരുന്നോ? തയ്യാറെന്ന് ഇറാൻ; എല്ലാം തകർന്ന് കഴിയുമ്പോഴേ ഇറാൻ പഠിക്കുകയുള്ളൂ എന്ന് തിരിച്ചടിച്ച് യുഎസ്

യെമനിൽ നിന്നാണ് ആക്രമണം നടന്നത് എന്നതിന് തെളിവൊന്നും ഇല്ലെന്നും ഇറാനാണ് പിന്നിലെന്ന് സൂചിപ്പിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ

റിയാദ്: വീണ്ടും ഗൾഫ് മേഖലയെ പ്രതിസന്ധിയിലാക്കി ഇറാൻ യുദ്ധ സന്നദ്ധത അറിയിച്ചു. ഹൂതി വിമതർ സൗദിയിലെ എണ്ണക്കമ്പനിയായ ആരാംകോയിൽ ആക്രമണം നടത്തിയതിന് പിന്നാലെയാണ് കടുത്ത ശത്രുതയിലുള്ള ഇറാനും അമേരിക്കയും വീണ്ടും വാക്‌പോരിലേക്ക് തിരിഞ്ഞത്. സൗദിയിലെ ഡ്രോൺ ആക്രമണത്തിന് പിന്നിൽ യെമനല്ല, ഇറാനാണെന്നാണ് അമേരിക്കയുടെ ആരോപണം. എന്നാൽ ഇതിന്റെ പേരിൽ തങ്ങൾക്കെതിരെ രംഗത്തിറങ്ങുകയാണെങ്കിൽ യുദ്ധത്തിന് സജ്ജരാകാൻ മടിക്കില്ലെന്നായിരുന്നു ഇറാന്റെ പ്രതികരണം.

അതേസമയം, ആരാംകോയിലെ ആക്രമണത്തിന്റെ ഉത്തരവാദിത്വം യെമനിലെ ഹൂതി വിമതർ ഏറ്റെടുത്തിരുന്നു. പക്ഷെ, യെമനിൽ നിന്നാണ് ആക്രമണം നടന്നത് എന്നതിന് തെളിവൊന്നും ഇല്ലെന്നും ഇറാനാണ് പിന്നിലെന്ന് സൂചിപ്പിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ ലഭിച്ചെന്നുമായിരുന്നു അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയുടെ പ്രതികരണം. ലോകത്തിന്റെ ഊർജ്ജവിതരണം അസ്ഥിരമാക്കാനാണ് ഇറാൻ ആക്രമണം നടത്തിയതെന്നും പോംപിയോ കുറ്റപ്പെടുത്തി.

ഇതോടെ, സൗദിയിലെ ആക്രമണത്തിന്റെ പേരിൽ തങ്ങൾക്കെതിരെ തിരിയാനാണ് അമേരിക്കയുടെ പദ്ധതിയെങ്കിൽ ഇറാൻ പൂർണ്ണതോതിലുള്ള യുദ്ധത്തിന് സജ്ജമാണെന്ന് ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കമാന്റർ അമീർ അലി ഹജിസദേ പ്രതികരിച്ചു. 2000 കിലോമീറ്റർ പരിധിയിലുള്ള അമേരിക്കയുടെ നാവിക താവളവും പടക്കപ്പലുകളും തകർക്കാൻ തങ്ങൾക്ക് ശേഷിയുണ്ടെന്നും ഇറാൻ സൈന്യം മുന്നറിയിപ്പ് നൽകി. ഇതിനുപിന്നാലെ സ്വന്തം എണ്ണക്കിണറുകൾ തകർന്ന് കഴിയുമ്പോഴേ ഇനി ഇറാൻ പഠിക്കുകയുള്ളൂവെന്ന് റിപ്പബ്ലിക്കൻ സെനറ്ററും ട്രംപിന്റെ വലംകൈയ്യുമായ ലിൻഡ്‌സി ഗ്രഹാം സോഷ്യൽമീഡിയയിലൂടെ പ്രതികരിച്ചു. ഇതോടെ ആക്രമണത്തിന് കാരണം തേടി നടക്കുന്ന അമേരിക്കയും യുദ്ധം പ്രഖ്യാപിച്ച ഇറാനും തമ്മിൽ ഏറ്റുമുട്ടുമോ എന്ന ആശങ്കയിലാണ് ഗൾഫ് മേഖല.

Exit mobile version