കാശ്മീർ വിഷയത്തിൽ ഇടപെടില്ലെന്ന് യുഎൻ; പാകിസ്താന് തിരിച്ചടി

യുഎൻ സെക്രട്ടറി ജനറലിന്റെ നിലപാടെന്നും അദ്ദേഹത്തിന്റെ വക്താവ് സ്റ്റീഫൻ ഡുജാറിക്ക് അറിയിച്ചു.

യുണൈറ്റഡ് നേഷൻസ്: കാശ്മീർ വിഷയത്തിൽ അടിയന്തിരമായി ഇടപെടില്ലെന്ന് യുഎൻ. പാകിസ്താന്റെ ആവശ്യം തള്ളിക്കൊണ്ടാണ് യുഎന്നിന്റെ നിലപാട്. കാശ്മീർ വിഷയത്തിൽ യുഎൻ സെക്രട്ടറി ജനറൽ ഇരുരാജ്യങ്ങളുമായി ബന്ധപ്പെട്ടെന്നും ഇക്കാര്യത്തിൽ നേരത്തെ സ്വീകരിച്ച സമീപനത്തിൽ മാറ്റമില്ലെന്നും ഇരുരാജ്യങ്ങളും ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാണ് യുഎൻ സെക്രട്ടറി ജനറലിന്റെ നിലപാടെന്നും അദ്ദേഹത്തിന്റെ വക്താവ് സ്റ്റീഫൻ ഡുജാറിക്ക് അറിയിച്ചു.

ബിയാരിറ്റ്സിലെ ജി-7 ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് കൂടിക്കാഴ്ച നടത്തിയിരുന്നു. പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയുമായി അദ്ദേഹം ചർച്ച നടത്തി. തിങ്കളാഴ്ച പാകിസ്താന്റെ യുഎന്നിലെ സ്ഥിരം പ്രതിനിധി മലീഹ ലോധിയുമായും യുഎൻ സെക്രട്ടറി ജനറൽ കൂടിക്കാഴ്ച നടത്തി. എന്നാൽ വിഷയം ചർച്ചയിലൂടെ പരിഹരിക്കണമെന്നാണ് ഇരുവിഭാഗങ്ങളോടും ആവശ്യപ്പെട്ടതെന്നും യുഎൻവക്താവ് സ്റ്റീഫൻ ഡുജാറിക്ക് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം യുഎൻ മനുഷ്യാവകാശ കൗൺസിലിൽ പാകിസ്താൻ ഇന്ത്യക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. കാശ്മീരിൽ മനുഷ്യാവകാശങ്ങൾ ചവിട്ടിമെതിക്കുകയാണെന്നും കശ്മീരികൾ സൈന്യത്തിന്റെ തടവറയിലാണെന്നുമായിരുന്നു പാക് വാദങ്ങൾ. എന്നാൽ പാകിസ്താൻ ഉന്നയിച്ചത് കെട്ടിച്ചമച്ച ആരോപണങ്ങളാണെന്നും വാദങ്ങൾ തെറ്റാണെന്നുമായിരുന്നു ഇന്ത്യയുടെ മറുപടി. കശ്മീർ ഇന്ത്യയുടെ ആഭ്യന്തരവിഷയമാണെന്നും അതിൽ മറ്റൊരു രാജ്യം ഇടപെടുന്നത് അംഗീകരിക്കാനാവില്ലെന്നും ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിജയ് താക്കൂർ സിങ് മനുഷ്യാവകാശ കൗൺസിലിൽ വ്യക്തമാക്കിയിരുന്നു.

Exit mobile version