ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണകപ്പലിലെ ഇന്ത്യക്കാരടക്കമുള്ള ഏഴ് ജീവനക്കാരെ മോചിപ്പിച്ചു

തെഹ്റാന്‍: ഹോര്‍മുസ് കടലിടുക്കില്‍നിന്ന് ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണകപ്പലിലെ 23 ജീവനക്കാരില്‍ ഏഴ് ജീവനക്കാരെ വിട്ടയച്ചു. അഞ്ചു ഇന്ത്യക്കാരെയും ഒരു ലാറ്റ്വിയന്‍ സ്വദേശിയേയും ഒരു റഷ്യക്കാരനേയുമാണ് മോചിപ്പിച്ചതെന്ന് ഇറാന്‍ വിദേശകാര്യമന്ത്രാലയ വക്താവിനെ ഉദ്ധരിച്ച് സ്റ്റേറ്റ് ടിവി റിപോര്‍ട്ട് ചെയ്തു.

തങ്ങളുടെ എണ്ണ ടാങ്കര്‍ പിടിച്ചെടുത്തതിനു പകരമായി കഴിഞ്ഞ ജൂലൈയിലാണ് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് സ്റ്റെനാ ഇംപേരോ എന്ന ബ്രിട്ടീഷ് കപ്പല്‍ പിടിച്ചെടുത്തത്. ഇന്ത്യന്‍ സമുദ്രത്തേയും ഗള്‍ഫിനേയും ബന്ധിപ്പിക്കുന്ന ഇടുങ്ങിയ ജലപാതയായ ഹോര്‍മുസ് കടലിടുക്കില്‍ നിന്ന് സ്റ്റെനാ ഇംപേരോ എന്ന കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്. യാനം അന്താരാഷ്ട്ര സമുദ്രനിയമം ലംഘിച്ചെന്ന് ആരോപിച്ചായിരുന്നു ഇറാന്റെ നടപടി.

ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍ നിന്ന് ഇറാനിയന്‍ കപ്പല്‍ ബ്രിട്ടീഷ് റോയല്‍ മറീനുകളുടെ സഹായത്തോടെ പിടിച്ചെടുത്ത് രണ്ടാഴ്ചക്കു ശേഷമായിരുന്നു ബ്രിട്ടീഷ് കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്. യൂറോപ്യന്‍ യൂണിയന്റെ ഉപരോധം മറികടന്ന് സിറിയയിലേക്ക് എണ്ണ കടത്തുന്നുവെന്നാരോപിച്ചായിരുന്നു കപ്പല്‍ പിടിച്ചെടുത്തത്. നേരത്തേ ബ്രിട്ടീഷ് മറീനുകളുടെ സഹായത്തോടെ പിടിച്ചെടുത്ത ഇറാന്‍ കപ്പലും അതിലെ ജീവനക്കാരെയും വിട്ടയച്ചിരുന്നു.

Exit mobile version