‘വ്യോമപാത തോന്നുന്ന സമയത്ത് അടയ്ക്കും’; ഇന്ത്യയ്ക്ക് പാകിസ്താന്റെ മുന്നറിയിപ്പ്

ഉത്തരവ് ഉടനുണ്ടാകുമെന്നാണ് പാകിസ്താന്റെ നിലപാട്.

ഇസ്ലാമാബാദ്: പാകിസ്താൻ വീണ്ടും വ്യോമപാത അടച്ചിടുമെന്ന ഭീഷണിയുമായി ഇന്ത്യയുടെ നേരെ. ‘തങ്ങൾ തിരഞ്ഞെടുക്കുന്ന സമയത്ത്’ ഇന്ത്യയ്ക്കുമുമ്പിൽ വ്യോമപാത പൂർണ്ണമായും അടച്ചിടുമെന്നാണ് പാകിസ്താന്റെ മുന്നറിയിപ്പ്. ഉത്തരവ് ഉടനുണ്ടാകുമെന്നാണ് പാകിസ്താന്റെ നിലപാട്.

ഉന്നതതലത്തിൽ വിഷയം ചർച്ചചെയ്തതായും എന്നാൽ അന്തിമ തീരുമാനം എന്താകുമെന്ന് ഇതുവരെ കൈക്കൊണ്ടിട്ടില്ലെന്നും പാകിസ്താൻ വിദേശകാര്യവക്താവ് മുഹമ്മദ് ഫൈസലിനെ ഉദ്ധരിച്ച് പാക് മാധ്യമം ഡോൺ റിപ്പോർട്ടുചെയ്യുന്നു.

കാശ്മീർ വിഷയമാണ് ഇപ്പോൾ തങ്ങളുടെ സുപ്രധാന വിദേശ അജണ്ടയെന്നും പാകിസ്താൻ പറഞ്ഞു. പാകിസ്താന്റെ വ്യോമപാതയിലൂടെയുള്ള ഇന്ത്യൻ വിമാനസർവീസുകൾക്ക് സമ്പൂർണ്ണ വിലക്ക് ഏർപ്പെടുത്തുന്ന വിഷയം പരിഗണിച്ചു വരികയാണെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

വരുന്ന ഏതാനും ദിവസങ്ങളിലേക്ക് കറാച്ചി വഴിയുള്ള മൂന്ന് വ്യോമപാതകൾ പാകിസ്താൻ അടച്ചിട്ടിരുന്നു. വ്യാഴാഴ്ചയാണ് വ്യോമപാതകൾ അടച്ചത്. മിസൈൽ പരീക്ഷണത്തിനായായിരുന്നു പാകിസ്താന്റെ നടപടി.

Exit mobile version