പാകിസ്താൻ കടുത്തനടപടികളിലേക്ക്; മൂന്ന് വ്യോമപാതകൾ അടച്ചു

ഇന്ത്യൻ വിമാനങ്ങൾ പാക് വ്യോമപരിധി ഉപയോഗിക്കുന്നത് പൂർണ്ണമായും വിലക്കുമെന്ന്

ഇസ്ലാമാബാദ്: തങ്ങളുടെ വ്യോമപാതയിൽ ഇന്ത്യൻ വിമാനങ്ങൾക്ക് പൂർണ്ണമായും വിലക്ക് ഏർപ്പെടുത്തുമെന്ന പാകിസ്താൻ നിലപാടിന് പിന്നാലെ, കറാച്ചിക്കുമുകളിലൂടെയുള്ള മൂന്ന് വ്യോമപാതകൾ അടച്ചു. ബുധനാഴ്ചമുതൽ വെള്ളിയാഴ്ചവരെ പാത അടച്ചിടാനാണ് പാകിസ്താൻ സിവിൽ ഏവിയേഷൻ അധികൃതർ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യൻ വിമാനങ്ങൾ പാക് വ്യോമപരിധി ഉപയോഗിക്കുന്നത് പൂർണ്ണമായും വിലക്കുമെന്ന് നേരത്തെ തന്നെ പാകിസ്താൻ പ്രഖ്യാപിച്ചിരുന്നു.

അതേസമയം, ഇന്ത്യൻ വിമാനങ്ങൾക്ക് മാത്രമല്ല, കറാച്ചി വ്യോമപാത ഉപയോഗപ്പെടുത്തുന്ന എല്ലാ അന്താരാഷ്ട്ര വിമാനങ്ങൾക്കും ഈ നിയന്ത്രണം ബാധകമാണ്. സെപ്റ്റംബർ ഒന്നിന് വിലക്ക് അവസാനിച്ചേക്കും. ഇന്ത്യ പാക് വ്യോമപാത ഉപയോഗിക്കുന്നത് പൂർണമായും തടയുന്നതു സംബന്ധിച്ച് ഇമ്രാൻ ആലോചിക്കുന്നതായി ശാസ്ത്രസാങ്കേതികവകുപ്പ് മന്ത്രി ഫവാദ് ചൗധരി ചൊവ്വാഴ്ച ട്വിറ്ററിലൂടെ പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യവും പാകിസ്താൻവഴിയുള്ള ഇന്ത്യ-അഫ്ഗാൻ വ്യാപാരവും വിലക്കുന്ന കാര്യവും ചൊവ്വാഴ്ച പാക് മന്ത്രിസഭ ചർച്ചചെയ്തിരുന്നു.

അതേസമയം, ജമ്മുകാശ്മീർ വിഷയം ശക്തമായി യുഎൻ പൊതുസഭയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻഖാനെന്നാണ് വിവരം. ഇക്കാര്യം പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷിയാണ് അറിയിച്ചത്. കാശ്മീരികളുടെ വികാരങ്ങൾ ഇമ്രാൻഖാൻ ലോകത്തെ അറിയിക്കും. ന്യൂയോർക്കിൽ നടക്കുന്ന മറ്റുപരിപാടികളിലും ഉഭയകക്ഷിചർച്ചകളിലും ഇമ്രാൻ പങ്കെടുക്കുമെന്നും ഖുറേഷി പറഞ്ഞു.

Exit mobile version