മോഡിയെ വിമർശിച്ച് ട്വീറ്റ്; യുഎന്നിന് പകരം ടാഗ് ചെയ്തത് യൂനോ ഡെയിമിനെ; പരിഹാസ്യനായി പാകിസ്താൻ നേതാവ്

മോഡിയേയും ഐക്യരാഷ്ട്ര സഭയേയും മാലിക് ടാഗ് ചെയ്യാൻ ശ്രമിച്ച് പണിവാങ്ങുകയായിരുന്നു.

ഇസ്ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ട്വീറ്റ് ചെയ്ത് സ്വയം പരിഹാസ്യനായി പാകിസ്താൻ നേതാവ് റഹ്മാൻ മാലിക്. മോഡിയെ വിമർശിച്ച് വാർത്താ ഏജൻസിയായ എഎൻഐയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തപ്പോഴാണ് നേതാവിന് അബദ്ധം പിണഞ്ഞത്. ട്വീറ്റ് റീ ട്വീറ്റ് ചെയ്ത റഹ്മാൻ മാലിക് നരേന്ദ്ര മോഡിയേയും ഐക്യരാഷ്ട്ര സഭയേയും ടാഗ് ചെയ്തു. എന്നാൽ യുഎൻഒയെ ടാഗ് ചെയ്യുന്നതിന് പകരം യൂനോ ഗെയിമിനെയാണ് മാലിക് ടാഗ് ചെയ്തത്.

ശ്രീനഗറിലെ നിലവിലെ സാമൂഹികസ്ഥിതിയെ കുറിച്ച് എഎൻഐയുടെ ട്വീറ്റ് തന്റെ ട്വിറ്റർ പേജിൽ ഷെയർ ചെയ്ത് മോഡിയേയും ഐക്യരാഷ്ട്ര സഭയേയും മാലിക് ടാഗ് ചെയ്യാൻ ശ്രമിച്ച് പണിവാങ്ങുകയായിരുന്നു.

യുഎന്നിന് പകരം ഗെയിമായ യൂനോയെ ടാഗ് ചെയ്ത മാലികിനെ സൈബർ ലോകം വലിച്ചുകീറുകയാണ്. മണ്ടനായ മാലിക് സാബ്..നോക്കി ട്വീറ്റ് ചെയ്യൂ..എന്നൊക്കെയാണ് രസകരമായ മറുപടി ട്വീറ്റുകൾ.

പാകിസ്താൻ മുൻ മന്ത്രിയ്ക്ക് യുഎന്നും യൂനോയും തമ്മിലുള്ള വ്യത്യാസം പോലുമറിയില്ലെന്ന് പരിഹസിച്ചും ട്വീറ്റുകളെത്തി.

അതേസമയം, സംഭവം സോഷ്യൽലോകത്ത് വലിയ ചർച്ചയായതോടെ ട്വീറ്റ് മാലിക് പിന്നീട് ഒഴിവാക്കി.

കശ്മീരിനെ കുറിച്ചുള്ള വ്യാജ വാർത്തയടങ്ങുന്ന വീഡിയോ പ്രചരിപ്പിച്ചതിന്റെ പേരിൽ റഹ്മാൻ മാലികിന്റെ ട്വിറ്റർ അക്കൗണ്ട് നാല് ദിവസം മുമ്പ് മരവിപ്പിച്ചിരുന്നു. തിരിച്ചുവരവിലാണ് അദ്ദേഹത്തിന് പിന്നേയും അബദ്ധം പിണഞ്ഞിരിക്കുന്നത്. നിലവിൽ സെനറ്റംഗമാണ് റഹ്മാൻ മാലിക്.

Exit mobile version