കാശ്മീരികൾക്ക് ഐക്യദാർഢ്യം; വിവിധയിടങ്ങൾക്ക് കാശ്മീരെന്ന് നാമകരണം ചെയ്ത് പാകിസ്താൻ

ആർട്ടിക്കിൾ 370 റദ്ദാക്കിയ ഇന്ത്യൻ സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് പാകിസ്താൻ കൂടുതൽ നടപടികളുമായി രംഗത്ത്.

ഇസ്ലാമാബാദ്: കാശ്മീരിന് പ്രത്യേക പരിഗണനകൾ അനുവദിക്കുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ ഇന്ത്യൻ സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് പാകിസ്താൻ കൂടുതൽ നടപടികളുമായി രംഗത്ത്. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ 36 റോഡുകളുടെ പേരുകൾ കാശ്മീർ എന്നാക്കി പുനഃനാമകരണം ചെയ്തു.

പഞ്ചാബ് മുഖ്യമന്ത്രി ഉസ്മാൻ ബസ്ദറാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ ഓരോ ജില്ലകളിലേയും ഓരോ റോഡുകളുടെ പേരാണ് കാശ്മീർ എന്നാക്കി മാറ്റിയിരിക്കുന്നത്.

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ മോഡി സർക്കാർ നീക്കത്തെ അപലപിച്ച് ഇന്ത്യൻ സ്വാതന്ത്രദിനമായിരുന്ന വ്യാഴാഴ്ചയെ ഇരുണ്ട ദിനമെന്നായിരുന്നു പാകിസ്താൻ വിശേഷിപ്പിച്ചത്. പാക് സ്വാതന്ത്ര്യ ദിനത്തെ കാശ്മീർ സോളിഡാരിറ്റി ഡേ എന്നുമാണ് വിശേഷിപ്പിച്ചത്.

Exit mobile version