നയതന്ത്രബന്ധം വെട്ടിച്ചുരുക്കി; വ്യാപാരബന്ധം അവസാനിപ്പിച്ചു; സ്ഥാനപതിയെ തിരിച്ചു വിളിച്ചു; ഒപ്പം വ്യോമപാതയും അടച്ചു; കാശ്മീർ വിഷയത്തിൽ കടുത്ത നടപടികളുമായി പാകിസ്താൻ

ഇസ്ലാമാബാദ്: കാശ്മീരിനെ വിഭജിക്കാനും ആർട്ടിക്കിൾ 370 റദ്ദാക്കാനും തീരുമാനിച്ച ഇന്ത്യയ്‌ക്കെതിരെ നടപടികളുമായി പാകിസ്താൻ. ഇന്ത്യയുമായുള്ള നയതന്ത്രബന്ധം വെട്ടിച്ചുരുക്കാനും വ്യാപാരബന്ധം അവസാനിപ്പിക്കാനും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വിളിച്ചുചേർത്ത ദേശീയസുക്ഷാസമിതി യോഗം തീരുമാനിച്ചതിന് പിന്നാലെ പാകിസ്താൻ വ്യോമമേഖലയും ഭാഗികമായി അടച്ചു. അടുത്ത മാസം അഞ്ചാം തീയതി വരെയാണ് പാകിസ്താൻ വ്യോമമേഖല ഭാഗികമായി അടച്ചത്, ബലാക്കോട്ട് മിന്നലാക്രമണത്തിന് പിന്നാലെ ഏറെക്കാലത്തേക്ക് അടച്ചിട്ട പാക് വ്യോമമേഖല കഴിഞ്ഞ മാസമായിരുന്നു വീണ്ടും തുറന്നുകൊടുത്തത്.

അതേസമയം, സംഘർഷത്തിന പാകിസ്താൻ മുതിരുന്നെന്ന സൂചനകൾ നൽകി അതിർത്തിയിൽ ജാഗ്രത തുടരാൻ കരസേനയോട് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ നിർദേശിച്ചിട്ടുണ്ട്. ഇന്ത്യയിലെ പാകിസ്താൻ സ്ഥാനപതിയെ തിരികെ വിളിക്കുമെന്നും ഇസ്ലാമാബാദിലുള്ള ഇന്ത്യൻ അംബാസിഡറെ ഇന്ത്യയിലേക്ക് തിരിച്ചയക്കുമെന്നും പാകിസ്താൻ വിദേശകാര്യമന്ത്രി ഷാ മെഹമ്മൂദ് ഖുറേഷി അറിയിച്ചിരുന്നു. ഇന്ത്യൻ അംബാസിഡറോട് എത്രയും പെട്ടെന്ന് രാജ്യം വിടാൻ പാകിസ്താൻ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

കാശ്മീരിനെ വിഭജിച്ച ഇന്ത്യൻ നടപടി ഐക്യരാഷ്ട്രസഭയിലും സുരക്ഷാസമിതിയിലും ഉന്നയിക്കാനും ആഗസ്റ്റ് 14-ലെ പാകിസ്താന്റെ ദേശീയസ്വാതന്ത്ര്യദിനം കാശ്മീരികളോടുള്ള ഐക്യദാർഢ്യദിനമായി ആചരിക്കാനും യോഗം തീരുമാനിച്ചു. കാശ്മീരിലെ ഇന്ത്യയുടെ ഇടപെടൽ അന്താരാഷ്ട്രവേദികളിലെല്ലാം ചർച്ചയാക്കണമെന്ന് പ്രധാനമന്ത്രി ഇമ്രാൻഖാൻ ഉദ്യോഗസ്ഥരോട് നിർദേശിച്ചതായി സർക്കാർ പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു.

Exit mobile version