ട്രോളിങ് നിരോധനത്തിന് ശേഷം പ്രതീക്ഷയോടെ കടലില്‍ പോയ മത്സ്യത്തൊഴിലാളികള്‍ക്ക് നിരാശയോടെ മടക്കം

മണിക്കൂറുകളോളം വലയെറിഞ്ഞിട്ടും പ്രത്യേകിച്ച് കാര്യമൊന്നുമില്ലാതെ വന്നതോടെ ബോട്ടുകള്‍ തീരത്തേക്ക് മടങ്ങി

കൊല്ലം: ട്രോളിങ് നിരോധനത്തിന് ശേഷം പ്രതീക്ഷയോടെ കടലില്‍ പോയ മത്സ്യത്തൊഴിലാളികള്‍ക്ക് ആദ്യ ദിവസം തന്നെ കടല്‍ സമ്മാനിച്ചത് കടുത്ത നിരാശ. മണിക്കൂറുകളോളം വലയെറിഞ്ഞിട്ടും പ്രത്യേകിച്ച് കാര്യമൊന്നുമില്ലാതെ വന്നതോടെ ബോട്ടുകള്‍ തീരത്തേക്ക് മടങ്ങി.

കാലാവസ്ഥയിലുണ്ടായ മാറ്റമാണ് മത്സ്യം കുറയാന്‍ കാരണമെന്ന് തൊഴിലാളികള്‍ പറഞ്ഞു. ട്രോളിങ്
നിരോധനത്തിന്റെ 52 ദിവസങ്ങള്‍ക്ക് ശേഷമാണ് ഏറെ പ്രതീക്ഷയോടെ മത്സ്യ തൊഴിലാളികള്‍ കടലിലെത്തിയത്. എന്നാല്‍ നിരാശയായിരുന്നു ഫലം.

ട്രോളിങ് നിരോധനത്തിന് ശേഷം ആദ്യ ദിനം ലഭിക്കാറുള്ള മത്സ്യം ഇക്കുറി ലഭിച്ചില്ല. കിളിമീനും കണവയുമൊക്കെ ലഭിക്കുന്ന സ്ഥാനത്ത് കൊല്ലം ശക്തികുളങ്ങര ഫിഷിങ് ഹാര്‍ബറിലെ തൊഴിലാളികള്‍ക്ക് ലഭിച്ചത് ചെമ്മീന്‍ ഇനത്തില്‍ പെടുന്ന കരിക്കാടി മത്സ്യം മാത്രമാണ്. വരും ദിവസങ്ങളില്‍ കടല്‍ കനിയുമെന്നും ചാകര വരുമെന്നുമാണ് തൊഴിലാളികളുടെ പ്രതീക്ഷ.

Exit mobile version