കാറിലെത്തിയ സംഘം ലോറി തടഞ്ഞു നിര്‍ത്തി എട്ട് ലക്ഷം രൂപയുടെ മാംസം മോഷ്ടിച്ചു; പരാതിയുമായി ലോറി ഡ്രൈവര്‍മാര്‍

. മാംസം തട്ടിയെടുത്ത ശേഷം മോഷ്ടാക്കള്‍ ലോറി ഉപേക്ഷിച്ചു

കൊരട്ടി: വിദേശത്തേക്ക് കയറ്റുമതിക്ക് കൊണ്ടു പോയ മാംസം മോഷ്ടിക്കപ്പെട്ടതായി പരാതി. കൊച്ചിയില്‍ നിന്നും ഹൈദരാബാദിലേക്ക് പോവുകയായിരുന്ന ലോറിയിലുണ്ടായിരുന്ന 120 ചാക്കുകളിലായി എട്ട് ലക്ഷം രൂപ വരുന്ന മാംസ ഭാഗമാണ് കൊള്ളയടിച്ചതെന്ന് പരാതിയില്‍ പറയുന്നു. മാംസം തട്ടിയെടുത്ത ശേഷം മോഷ്ടാക്കള്‍ ലോറി ഉപേക്ഷിച്ചു.

പൊങ്ങത്തുവച്ച് രാത്രി 10 മണിയോടെയാണ് സംഭവം. മാംസം സംസ്‌കരിച്ച് കയറ്റി അയക്കാന്‍ കൊച്ചിയില്‍ നിന്ന് ഹൈദരാബാദിലേക്ക് കൊണ്ടു പോകുമ്പോള്‍ കാറിലെത്തിയ ഒരു സംഘം ആളുകള്‍ പഞ്ചാബി ധാബക്ക് സമീപത്തു വച്ച് ലോറി തടഞ്ഞു നിര്‍ത്തി.

ശേഷം ലോറിയിലുണ്ടായ രണ്ട് ഡ്രൈവര്‍മാരെ കാറിലേക്ക് ബലമായി കയറ്റുകയും കാറിലുണ്ടായിരുന്ന ഒരാള്‍ ലോറിയുമായി പോവുകയുമായിരുന്നു. മാംസം അപഹരിച്ച ശേഷം മോഷ്ടാക്കള്‍ ലോറി കൊരട്ടി സെന്റ് അന്തോണീസ് പള്ളിക്ക് സമീപത്ത് ഉപേക്ഷിച്ചു. ലോറിയിലെ ഡ്രൈവര്‍മാര്‍ കൊരട്ടി പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കുകയായിരുന്നു.

Exit mobile version