തിരുവനന്തപുരം: കുട്ടികള്‍ക്കായി സര്‍ക്കാരിന്റെ ആനിമേഷന്‍ ഗെയിമുകള്‍ ഒരുങ്ങുന്നു.സാംസ്‌കാരികവകുപ്പും സംസ്ഥാന ചലച്ചിത്രവികസന കോര്‍പ്പറേഷനും ചേര്‍ന്നാണ് മൂല്യമുള്ള ഗെയിമുകള്‍ തയ്യാറാക്കുന്നത്. കുട്ടികളില്‍ അക്രമവാസന വളര്‍ത്തുന്ന ഗെയിമുകള്‍ പരമാവധി ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
മലയാളിത്തമുള്ള തനിനാടന്‍ ആനിമേഷന്‍ ഗെയിമുകള്‍ തയ്യാറാക്കാനാണ് പദ്ധതിയൊരുങ്ങുന്നത്. പൊതുവെ വെടിവെയ്പ്, ബോംബിങ്, അക്രമങ്ങള്‍ എന്നിവ നിറഞ്ഞ ഗെയിമുകളാണ് ഇന്ന് ഏറെയുമുള്ളത്. വാഹനങ്ങള്‍ ഇടിച്ചുതകര്‍ത്തു മുന്നേറുന്ന കാര്‍, ബൈക്ക് ചേസിങ് എന്നിവയുമുണ്ട്. ഇത്തരം ഗെയിമുകള്‍ കുട്ടികളില്‍ അക്രമവാസന, വ്യക്തിത്വവൈകല്യം എന്നിവ വളര്‍ത്തുമെന്നാണ് മനഃശ്ശാസ്ത്രജ്ഞര്‍ പറയുന്നത്.
ഗെയിമിങ് ആനിമേഷന്‍ ഹാബിറ്റാറ്റ് എന്നു പേരിട്ടിരിക്കുന്ന പുതിയ പദ്ധതിയ്ക്കായി 50 ലക്ഷം രൂപ സംസ്ഥാനസര്‍ക്കാര്‍ അനുവദിച്ചു. ഇതിനായി വിഷ്വല്‍ ഇഫക്ട്‌സ് രംഗത്തെ വിദഗ്ധരെയും സ്വകാര്യസംരംഭകരെയും കണ്ടെത്തുകയും ആനിമേഷന്‍ വിഷ്വല്‍ ഇഫക്ട്‌സില്‍ അന്താരാഷ്ട്രനിലവാരമുള്ള സ്റ്റുഡിയോകളുടെ സഹകരണം തേടുകയും ചെയ്യും. അടുത്തവര്‍ഷം ഗെയിമുകള്‍ പുറത്തിറക്കാമെന്നാണു പ്രതീക്ഷ.






