പാലക്കാട്ടേയും ആലത്തൂരേയും തോറ്റ എംപിമാർക്കും നിയമനം നൽകി സങ്കടം തീർക്കണം; സമ്പത്തിന്റെ ഡൽഹി നിയമനത്തെ പരിഹസിച്ച് ജയശങ്കർ

കൊച്ചി: ഡൽഹിയിൽ സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായി ക്യാബിനറ്റ് പദവിയോടെ ആറ്റിങ്ങൽ മുൻ എംപി ഡോ. എ സമ്പത്തിനെ നിയമിക്കാനുള്ള തീരുമാനത്തെ പരിഹസിച്ച് അഡ്വ.ജയശങ്കർ. ആറ്റിങ്ങലെ തോറ്റ എംപിയെ ഡൽഹിയിൽ കേരളത്തിന്റെ ഹൈക്കമ്മീഷണറായി നിയമിക്കാനും സഖാവിന് ക്യാബിനറ്റ് റാങ്കും കൊടിവച്ച കാറും കൊടുക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചത് നല്ല കാര്യമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

കേന്ദ്ര-കേരള ബന്ധം ശക്തിപ്പെടുത്താനും, സംസ്ഥാനത്തിന്റെ അവകാശങ്ങൾ കണക്കുപറഞ്ഞു വാങ്ങാനും ഈ നിയമനം ഉപകരിക്കും എന്നാണ് അവകാശവാദം. അതെന്തായാലും, സഖാവിന്റെ തൊഴിലില്ലായ്മ പരിഹരിക്കാനും അടൂർ പ്രകാശിനെ ജയിപ്പിച്ചു വിട്ട ആറ്റിങ്ങലെ വോട്ടർമാരെ തോൽപിക്കാനും സാധിച്ചു.

ഇതേ മാതൃകയിൽ, പാലക്കാട്ടെ തോറ്റ എംപിയെ ചെന്നൈയിലും ആലത്തൂരെ തോറ്റ എംപിയെ ബംഗളൂരുവിലും നിയമിക്കാമെങ്കിൽ അവരുടെ സങ്കടവും തീരും. അയൽ സംസ്ഥാനങ്ങളുമായുളള ബന്ധവും മെച്ചപ്പെടും. തൃശ്ശൂരെ തോറ്റ എംപിയെ പോണ്ടിച്ചേരിയിൽ നിയമിക്കുന്നപക്ഷം സിപിഐക്കാർക്കും സന്തോഷമാകും. കണ്ണൂരെ തോറ്റ എംപിയെ മറന്നു കൊണ്ടല്ല ഇത്രയും എഴുതിയത്. കഴിവും പ്രാഗത്ഭ്യവും ഭാഷാ പരിജ്ഞാനവും പരിഗണിച്ച് സഖാവിനെ അമേരിക്കയിലെ കേരളത്തിന്റെ അംബാസിഡറോ ഐക്യരാഷ്ട്ര സഭയിലെ സംസ്ഥാനത്തിന്റെ സ്ഥിരം പ്രതിനിധിയോ ആയി നിയമിക്കണം, ജയശങ്കറിന്റെ പരിഹാസം നീളുന്നതിങ്ങനെ.

അഡ്വ. എ ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

ആറ്റിങ്ങലെ തോറ്റ എംപിയെ ദൽഹിയിൽ കേരളത്തിൻ്റെ ഹൈക്കമ്മീഷണറായി നിയമിക്കാനും സഖാവിന് ക്യാബിനറ്റ് റാങ്കും കൊടിവച്ച കാറും കൊടുക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. നല്ല കാര്യം. കേന്ദ്ര-കേരള ബന്ധം ശക്തിപ്പെടുത്താനും, സംസ്ഥാനത്തിന്റെ അവകാശങ്ങൾ കണക്കുപറഞ്ഞു വാങ്ങാനും ഈ നിയമനം ഉപകരിക്കും എന്നാണ് അവകാശവാദം. അതെന്തായാലും, സഖാവിൻ്റെ തൊഴിലില്ലായ്മ പരിഹരിക്കാനും അടൂർ പ്രകാശിനെ ജയിപ്പിച്ചു വിട്ട ആറ്റിങ്ങലെ വോട്ടർമാരെ തോല്പിക്കാനും സാധിച്ചു.

ഇതേ മാതൃകയിൽ, പാലക്കാട്ടെ തോറ്റ എംപിയെ ചെന്നൈയിലും ആലത്തൂരെ തോറ്റ എംപിയെ ബംഗളൂരുവിലും നിയമിക്കാമെങ്കിൽ അവരുടെ സങ്കടവും തീരും; അയൽ സംസ്ഥാനങ്ങളുമായുളള ബന്ധവും മെച്ചപ്പെടും. തൃശ്ശൂരെ തോറ്റ എംപിയെ പോണ്ടിച്ചേരിയിൽ നിയമിക്കുന്നപക്ഷം സിപിഐക്കാർക്കും സന്തോഷമാകും. കണ്ണൂരെ തോറ്റ എംപിയെ മറന്നു കൊണ്ടല്ല ഇത്രയും എഴുതിയത്. കഴിവും പ്രാഗത്ഭ്യവും ഭാഷാ പരിജ്ഞാനവും പരിഗണിച്ച് സഖാവിനെ അമേരിക്കയിലെ കേരളത്തിൻ്റെ അംബാസിഡറോ ഐക്യരാഷ്ട്ര സഭയിലെ സംസ്ഥാനത്തിൻ്റെ സ്ഥിരം പ്രതിനിധിയോ ആയി നിയമിക്കണം. സഖാക്കളേ, മുന്നോട്ട്!

Exit mobile version