എസ്ഡിപിഐ എന്ന നാലക്ഷരം ആസിഡ്; നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയല്ലാത്ത കോണ്‍ഗ്രസ്, മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു; മുഹമ്മദ് റിയാസ്

ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു എസ്ഡിപിഐ ആക്രമണം നടത്തിയത്.

തിരുവനന്തപുരം: ഇന്നലെ തൃശ്ശൂരിലെ ചാവക്കാട് നടന്ന ആക്രമണത്തില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ്, മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസ്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം വിമര്‍ശനം തൊടുത്തത്. എസ്ഡിപിഐ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ്, മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് പറഞ്ഞു കൊണ്ടായിരുന്നു അദ്ദേഹം കുറിപ്പ് ആരംഭിച്ചത്.

എസ്ഡിപിഐ എന്ന നാലക്ഷരം ആസിഡ് ആണെന്നും അദ്ദേഹം തുറന്നടിച്ചു. ഇവരുടെ അക്രമത്തിനെതിരെ പൊരുതാന്‍ നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയല്ലാത്ത കോണ്‍ഗ്രസ്, മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ഉണ്ടെങ്കില്‍ ചോദ്യം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു എസ്ഡിപിഐ ആക്രമണം നടത്തിയത്.

ഏഴ് ബൈക്കുകളിലായെത്തിയ 14 അംഗ സംഘം പ്രവര്‍ത്തകരെ വെട്ടി വീഴ്ത്തുകയായിരുന്നു. വടിവാളും മറ്റുമുള്ള മാരകായുധങ്ങളുമായിട്ടായിരുന്നു ആക്രമണം. കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് ഉള്‍പ്പടെ നാലു പേരെയാണ് വെട്ടിയത്. മരിച്ച നൗഷാദ് കൂടാതെ കാവീട് സ്വദേശി ബിജേഷ് (40), പാലയൂര്‍ പുതുവീട്ടില്‍ നിഷാദ് (28), പുന്ന അയിനിപ്പുള്ളി സുരേഷ് (38) എന്നിവരുമാണ് ആക്രമണത്തിന് ഇരയായത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ SDPI ആക്രമത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ്സ് , മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു. SDPI എന്ന നാലക്ഷരമുള്ള ആസിഡിനെക്കുറിച്ച്, ഈ കൊലപാതകവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സ്,മുസ്ലീം ലീഗ് നേതൃത്വം പ്രതികരിക്കാത്തതിനെതിരെ, നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയല്ലാത്ത കോണ്‍ഗ്രസ്സ്, മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

Exit mobile version