എംകെ രാഘവന്റെ കോഴ വിവാദത്തില്‍ ബിജെപിയുടെ മൗനം, എന്തുകൊണ്ട്? കോണ്‍ഗ്രസിനെ പോലെ തന്നെ ബിജെപിയെയും പ്രതിരോധത്തിലാക്കി മുഹമ്മദ് റിയാസ്

ആരോപണം തെളിയിക്കേണ്ടത് മറ്റാരെക്കാളും ഉത്തരവാദിത്വം സ്ഥാനാര്‍ത്ഥിയായ അദ്ദേഹത്തിന് മാത്രമാണ്.

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കോണ്‍ഗ്രസ് നേതൃത്വത്തെ ആശങ്കയിലും പ്രതിസന്ധിയിലുമാക്കിയ ഒന്നാണ് എംകെ രാഘവന്‍ എംപിയുടെ കോഴ വിവാദം. സംഭവത്തില്‍ മൗനം പാലിക്കുന്ന ബിജെപിയെ ചോദ്യം ചെയ്ത് രംഗത്ത് വന്നിരിക്കുകയാണ് ഡിവൈഎഫ്ഐയുടെ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസ്. ഇതോടെ കോണ്‍ഗ്രസ് നേതൃത്വത്തിനൊപ്പം ബിജെപി നേതൃത്വവും പ്രതിരോധത്തിലായിരിക്കുകയാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കോഴിക്കോട് എംപി കോഴ വാങ്ങുന്ന ദൃശ്യങ്ങള്‍ ദേശീയ മാധ്യമം പുറത്തു വിട്ടത്.

ഹിന്ദി ചാനലായ ടിവി 9 ഭാരത് വിഷന്റെ സ്റ്റിങ് ഓപ്പറേഷനിലാണ് എംകെ രാഘവന്‍ കുടുങ്ങിയത്. തെരഞ്ഞെടുപ്പ് ചെലവിലേക്കായി അഞ്ച് കോടി രൂപ ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് ചാനല്‍ പുറത്ത് വിട്ടത്. പണം നേരിട്ട് കൈമാറാതെ തന്റെ ഡല്‍ഹി ഓഫീസുമായി ബന്ധപ്പെട്ട് ചെയ്താല്‍ മതിയെന്ന നിര്‍ദേശങ്ങളും വീഡിയോയില്‍ പറയുന്നുണ്ട്. ഇതോടെ ആരോപണം നിഷേധിച്ചും ഒപ്പം തന്നെ കണ്ണീര്‍ പൊഴിച്ചും ആരോപണ വിധേയനായ എംപി എംകെ രാഘവന്‍ തന്നെ ചാനലുകള്‍ക്ക് മുന്‍പില്‍ രംഗത്തെത്തിയിരുന്നു. വന്ന ദൃശ്യങ്ങള്‍ വ്യാജമാണെന്നാണ് എംപി ഉയര്‍ത്തിപ്പിടിക്കുന്ന വാദം. എന്നാല്‍ ഈ വാദങ്ങളെ പല മാധ്യമങ്ങളും തെളിവ് സഹിതം പൊളിച്ചടുക്കിയിരുന്നു.

എല്‍ഡിഎഫ് കോഴിക്കോട് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി കൂടിയായ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു ചാനല്‍ ചര്‍ച്ചയില്‍ ചില ചോദ്യങ്ങള്‍ കോണ്‍ഗ്രസ് നേതാക്കളോട് ചോദിച്ചതിനും കോണ്‍ഗ്രസിന് കൃത്യമായ ഉത്തരമുണ്ടായിരുന്നില്ല.

റിയാസിന്റെ ചോദ്യങ്ങള്‍;

സംഭവം സിപിഎമ്മിന്റെ ഗൂഢാലോചന ആണെന്നായിരുന്നു ആദ്യം കോണ്‍ഗ്രസ് ഉയര്‍ത്തിയ വാദം. എന്നാല്‍ തെളിവ് ചോദിച്ചപ്പോള്‍ കൈമലര്‍ത്തി, ഇത് ആ വാദം കളവാണെന്നതിന്റെ തെളിവല്ലേ…? റിയാസ് ചോദിക്കുന്നു. ആരോപണം തെളിയിക്കേണ്ടത് മറ്റാരെക്കാളും ഉത്തരവാദിത്വം സ്ഥാനാര്‍ത്ഥിയായ അദ്ദേഹത്തിന് മാത്രമാണ്. നാളിത്രയായിട്ടും അതിനു ശ്രമിച്ചിട്ടില്ല. നിരപരാധിയാണെങ്കില്‍ അദ്ദേഹം തന്നെ മുന്‍കൈ എടുക്കുമായിരുന്നു, എന്നാല്‍ അതും ചെയ്തിട്ടില്ല.

അപ്പോള്‍ ഈ ആരോപണങ്ങളെല്ലം ശരിവെയ്ക്കുകയല്ലേ എന്നും റിയാസ് ചോദിക്കുന്നുണ്ട്. രണ്ട് കോടി ഒരു സ്ഥാനാര്‍ത്ഥിക്ക്, അങ്ങനെ എങ്കില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി എത്ര കോടി ചെലവഴിക്കുന്നു…? അപ്പോള്‍ ബിജെപിയെ പോലെ അതും കള്ളപ്പണം അല്ലേ..? അങ്ങനെ കള്ളപ്പണം ആയതുകൊണ്ടാണ് ഈ കോഴ വിവാദത്തില്‍ ബിജെപി മൗനം പാലിക്കുന്നത്.

ബിജെപി ഇന്നുവരെ ഒരു പ്രസ്താവനയും നടത്തിയിട്ടില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ഇതാണ് ഇന്ന് ബിജെപി നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. ഇതിലെ ബിജെപിയുടെ മൗനം പരിശോധിക്കണമെന്നും മുഹമ്മദ് റിയാസ് ആവശ്യപ്പെടുന്നുണ്ട്. ഡബ്ബ് ചെയ്ത വീഡിയോ ആണെന്ന് എംകെ രാഘവന്‍ ആവര്‍ത്തിച്ച് പറയുന്നതല്ലാതെ ഒന്നും തെളിയിക്കാന്‍ ശ്രമം നടത്തിയിട്ടില്ല. തെഹല്‍ക്കെയുടെ മുന്‍പത്തെ മാനേജിങ് എഡിറ്ററായ മാത്യു സാമുവലും നടന്‍ ഷമ്മി തിലകനും ദൃശ്യങ്ങള്‍ ഡബ്ബിങ് ആണെന്ന വാദത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു ഇരുവരും ആ വാദങ്ങളെ ഖണ്ഡിച്ചത്.

ഇതിനിടെ ഏറ്റവും പ്രസക്തമായ മറ്റൊരു ചോദ്യം കൂടി അദ്ദേഹം ഉന്നയിച്ചു. അഞ്ച് കോടി കോഴ വാഗ്ദാനം ചെയ്തപ്പോള്‍ എന്തിന് കേട്ടിരുന്നു…? അപ്പോള്‍ തന്നെ ഇറങ്ങിപ്പോടാ എന്നു പറയേണ്ടേ..? അല്ലെങ്കില്‍ നോ എന്ന് പറയേണ്ടേ..? എന്തിനാണ് കേട്ടിരുന്നത്..? അദ്ദേഹം ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് ചോദിച്ചു. മദ്യം കൊടുത്ത് വോട്ടുപിടിക്കാം എന്ന് പറഞ്ഞത് ആ വീഡിയോയില്‍ വ്യക്തമായി പറയുന്നുണ്ട്. കോഴിക്കോട്ടെ പ്രബുദ്ധരായ വോട്ടര്‍മാരെ ഇതിലൂടെ അപമാനിച്ചു എന്നും മുഹമ്മദ് റിയാസ് തുറന്നടിച്ചു. എന്നാല്‍ ഏറെ പ്രസക്തമായ മറ്റൊരു ചോദ്യം കൂടി ഉന്നയിച്ച ശേഷമാണ് അദ്ദേഹം അവസാനിപ്പിച്ചത്. 53 ലക്ഷം ചെലവ് ഏഴുതി വെച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ വഞ്ചിച്ച് 20കോടി ചെലവായി എന്ന് പറയുമ്പോള്‍ അവിടെ ഒഴുകിയത് കള്ളപ്പണമല്ലേ..? ഇതില്‍ രണ്ട് കോടി മാത്രമാണ് ഹൈക്കമാന്റ് നല്‍കിയത്.

ബാക്കി കോടികള്‍ എവിടെ നിന്ന്..? അത് 2014ലെ കണക്ക്. എന്നാല്‍ 2019 ലെ ഈ തെരഞ്ഞെടുപ്പില്‍ എത്ര കോടികള്‍ ഒഴുകും..? ആ കോടികള്‍ ഒഴുക്കാനുള്ള ഒരു ഇടപാട് മാത്രമാണ് വന്നതെന്നും മുഹമ്മദ് റിയാസ് വെളിപ്പെടുത്തി. പല ഇടപാടുകളും മറ്റും വരുമോ എന്ന് കണ്ട് തന്നെ അറിയേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒഴുകിയത് കള്ളപ്പണം തന്നെയെന്ന് നിശ്ചയമുള്ളത് കൊണ്ടാണ് ബിജെപിയും മൗനം പാലിക്കുന്നതെന്നും അദ്ദേഹം വീണ്ടും ആവര്‍ത്തിച്ചു. ഇപ്പോള്‍ വീണ്ടും അദ്ദേഹം തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ബിജെപിയുടെ മൗനത്തെ ചോദ്യം ചെയ്യുകയാണ്.

Exit mobile version