വ്യക്തിഹത്യ ലക്ഷ്യമിട്ടുളള ആരോപണത്തിന് പ്രവർത്തനത്തിലൂടെ മറുപടി നൽകും; ഞാനെന്താണെന്ന് ജനങ്ങൾക്കറിയാം: മുഹമ്മദ് റിയാസ്

muhammed riyas | Kerala News

തിരുവനന്തപുരം: മന്ത്രിസ്ഥാനം പ്രസ്ഥാനം ഏൽപ്പിച്ച ഉത്തരവാദിത്വമാണെന്നും വ്യക്തിഹത്യകൾക്ക് പ്രവർത്തിയിലൂടെ മറുപടി നൽകുമെന്നും നിയുക്ത മന്ത്രി മുഹമ്മദ് റിയാസ്. മന്ത്രിസ്ഥാനം താല്കാലികമായ ചുമതലയാണെന്നും റിയാസ് പ്രതികരിച്ചു. ജനം എന്താണ് പ്രതീക്ഷിക്കുന്നത് എന്ന് അറിഞ്ഞ് ഇടപെടുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രിയുടെ മരുമകന് മന്ത്രിസ്ഥാനമെന്ന വ്യക്തിഹത്യ ലക്ഷ്യമിട്ടുളള ആരോപണത്തിന് പ്രവർത്തനത്തിലൂടെ മറുപടി നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

‘ഭൂരിപക്ഷം ആളുകളും ഇപ്രകാരം അഭിപ്രായപ്പെടുന്നവരാണെന്ന് തോന്നുന്നില്ല. ചർച്ച ചെയ്യാനും വിമർശിക്കാനും എല്ലാവർക്കും അവകാശമുണ്ട്. വിമർശിക്കുന്നവർ വസ്തുത മനസ്സിലാക്കി തിരിച്ചുവരാറുണ്ട്. ഞാനെന്താണ്, എന്നാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത് എന്നൊക്കെ ജനത്തിന് അറിയാം. അതുകൊണ്ട് ഈ വിമർശനത്തിന് വ്യക്തിപരമായി മറുപടി പറഞ്ഞ് സമയം കളയേണ്ടതില്ല.ഒരു ജീവിക്കുന്ന മനുഷ്യന്റെ പച്ചയിറച്ചി കടിച്ചുതിന്നുമ്പോൾ തോന്നുന്ന വേദനയുണ്ട്. പക്ഷേ പ്രതികരിച്ചിട്ടില്ല, മറുപടി ജനം നൽകുമെന്നാണ് പറഞ്ഞത്.

14,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ നിന്ന് ഭൂരിപക്ഷം ഉയർന്നിരിക്കുകയാണ്. ഇന്നത്തെ കാലത്ത് രാഷ്ട്രീയത്തെ രാഷ്ട്രീയമായി നേരിടാതെ വ്യക്തിപരമായി നേരിട്ടാൽ വിശ്വസിക്കുന്നവരല്ല ജനം. വലിയൊരു ശതമാനവും എന്നെ അറിയുന്നവരാണ്. അല്ലാവത്തർക്ക് എന്റെ പ്രവർത്തനത്തിലൂടെ ബോധ്യപ്പെടും.’-റിയാസ് സ്വകാര്യ മാധ്യമത്തോട് പ്രതികരിച്ചു.

വീട്ടിൽ മുഖ്യമന്ത്രിയോട് രാഷ്ട്രീയമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാറില്ലെന്നും അദ്ദേഹം നല്ലൊരു ഗൃഹനാഥനാണെന്നും റിയാസ് പറഞ്ഞു. ‘അനാവശ്യ കാര്യങ്ങൾ പറയാൻ പറ്റുന്ന വ്യക്തിയല്ല വീട്ടിലും കേരളത്തിന്റെ മുഖ്യമന്ത്രി. തിരിച്ചും അങ്ങനെയുളള കാര്യങ്ങൾ പോയി പറയുന്ന ആളല്ല ഞാനും. അദ്ദേഹം നല്ലൊരു ഗൃഹനാഥനാണ്. ഞങ്ങൾ ഒരുമിച്ച് സിനിമ കാണാറുണ്ട്, തമാശ പറയാറുണ്ട്. എന്നാൽ അനാവശ്യമായി ഒരു കാര്യവും അദ്ദേഹത്തോട് പറയാറുമില്ല പറഞ്ഞാൽ അത് സ്വീകരിക്കുന്ന ആളുമല്ല. ഇത്തരം കാര്യങ്ങൾ വീട്ടിൽ ചർച്ച ചെയ്യുന്ന രീതിയില്ല. ഞാനെന്തായിരുന്നുവെന്ന് ജനത്തിനും അദ്ദേഹത്തിനുമറിയാം. എന്തായിരുന്നോ അപ്രകാരം മുന്നോട്ടുപോകും മന്ത്രിമാരിൽ ഒരാളാണ് ഞാൻ അതിനപ്പുറത്തേക്ക് ഒരു പരിഗണനയും വേണ്ടതില്ല. രാഷ്ട്രീയ പ്രവർത്തനത്തിൽ അത്തരമൊരു പരിഗണന പ്രതീക്ഷിച്ചിട്ടല്ല നിന്നത്. നന്നായി പ്രവർത്തിക്കുക പ്രസ്ഥാനം എല്ലാം കാണുന്നുണ്ട്, സഖാക്കൾ കാണുന്നുണ്ട് അവർ മറുപടി നൽകും. ജനം മറുപടി നൽകും.’-റിയാസ് വ്യക്തമാക്കി.

Exit mobile version