ട്രൈബ്യൂണൽ വിധി അഴിമതിക്കാർക്കുള്ള പ്രഹരം; സർവീസിലേക്ക് തിരിച്ചെത്തില്ല; ബിജെപിയിലേക്ക് പിന്നെയെത്തും; ജേക്കബ് തോമസ്

തിരുവനന്തപുരം: സർവീസിൽ നിന്നും മാറ്റി നിർത്തുന്നതിന് എതിരായ ട്രൈബ്യൂണൽ വിധി അഴിമതിക്കാർക്കുള്ള പ്രഹരമെന്ന് മുൻ വിജിലൻസ് ഡയറക്ടർ ഡിജിപി ജേക്കബ് തോമസ്. ട്രൈബ്യൂണൽ വിധി തനിക്ക് അനുകൂലമാണെങ്കിലും സർവീസിലേയ്ക്ക് തിരികെ വരാൻ ആഗ്രഹമില്ലെന്നും ബിജെപിയിലേക്ക് പോകുന്ന കാര്യം അങ്ങനെയൊരു സാഹചര്യമുണ്ടാകുമ്പോൾ ആലോചിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. ജനാഭിലാഷം അനുസരിച്ച് പ്രവർത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. സന്നദ്ധ സംഘടനകളിൽ പ്രവർത്തിക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം പ്രതികരിച്ചു.

വിധി നല്ല സന്ദേശമായി കരുതി തിരുത്തലുകൾ വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. കേന്ദ്രസർക്കാർ എടുക്കുന്ന തീരുമാനം അംഗീകരിക്കും. അഴിമതിക്കെതിരെയുള്ള ശബ്ദം കേരളത്തിൽ നിലച്ചിട്ടില്ല എന്നതാണ് വിധി വ്യക്തമാക്കുന്നത്. വിധിയുടെ പകർപ്പ് കിട്ടിയ ശേഷം കേന്ദ്രസർക്കാർ ഒരു തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളം ഇന്ത്യയുടെ ഭാഗമാണ്. ഇന്ത്യയിൽ ശക്തനായ ഒരു ഭരണകർത്താവുണ്ട്. അതിനനുസരിച്ച് തീരുമാനം ഉണ്ടാകുമെന്നും ജേക്കബ് തോമസ് മാതൃഭൂമി ചാനലിൽ ചർച്ചയ്ക്കിടെ പറഞ്ഞു.

അതേസമയം, ജേക്കബ് തോമസിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തതിന് യാതൊരു ന്യായീകരണവുമില്ലെന്ന് സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ ഇന്നലെ ജേക്കബ് തോമസിന് അനുകൂലമായ ഉത്തരവിൽ പറഞ്ഞിരുന്നു. അതിനാൽ അദ്ദേഹത്തെ അടിയന്തരമായി തിരിച്ചെടുക്കണമെന്നും ട്രൈബ്യൂണൽ വിധിച്ചിരുന്നു. രണ്ടു വർഷമായി ജേക്കബ് തോമസ് സസ്‌പെൻഷനിലാണ്.

Exit mobile version