‘ഹിന്ദുവായ എന്റെ യഥാര്‍ത്ഥ സഹോദരിയാണ് മാമുക്കോയയുടെ ആലയിലിരുന്ന് ചിരിക്കുന്നതെന്ന് ഇന്നാണ് എനിക്ക് മനസ്സിലായത്’; സംഘപരിവാര്‍ ആക്രമണങ്ങളെ ട്രോളി ഹരീഷ് പേരടി

തൃശ്ശൂര്‍: രാജ്യത്ത് ഗോ സംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന ആക്രമണങ്ങളെ ട്രോളി നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് അദ്ദേഹം ഇതിനെതിരെ പ്രതികരിച്ചത്. നടന്‍ മാമുക്കോയക്കൊപ്പമുള്ള ചിത്രത്തോടൊപ്പം ‘ഞാനിത്രയും കാലം ഈ മന്യഷ്യനെ ഇക്കാ..എട്ടാ.. എന്നൊക്കെ വിളിക്കുമ്പോള്‍ ഇദ്ദേഹത്തിന്റെ വീട്ടിലെ പശു എന്നെ നോക്കി ചിരിക്കുമായിരുന്നു’ എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഗോ സംരംക്ഷണത്തിന്റെ പേരില്‍ സംഘപരിവാര്‍ നടത്തുന്ന
ആക്രമണങ്ങള്‍ക്കെതിരെ രംഗത്തെത്തിയത്.

ഹിന്ദുവായ എന്റെ യഥാര്‍ത്ഥ സഹോദരിയാണ് മാമുക്കോയയുടെ ആലയിലിരുന്ന് ചിരിക്കുന്നതെന്ന് ഇന്നാണ് എനിക്ക് മനസ്സിലായതെന്നും മാമുക്കോയയെ അല്ല മാമുക്കോയയുടെ പശുവിനെയാണ് ഞാന്‍ സ്നേഹിക്കേണ്ടത് എന്ന പുതിയ അറിവ് എന്നിലേക്ക് പകര്‍ന്ന് തന്ന സഹോദരങ്ങളോടുള്ള എന്റെ നന്ദി എങ്ങിനെയാണ് പ്രകടിപ്പിക്കേണ്ടത് എന്ന് എനിക്കറിയില്ലായെന്നും കുറിപ്പിലൂടെ ഹരീഷ് പേരടി പരിഹസിച്ചു.
‘ജയ് പശു ജയ് ചാണകം ജയ് പിണ്ണാക്ക്’ എന്ന് പറഞ്ഞാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിച്ചത്.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം,

ഞാനിത്രയും കാലം ഈ മന്യഷ്യനെ ഇക്കാ… എട്ടാ… എന്നൊക്കെ വിളിക്കുമ്പോള്‍ ഇദ്ദേഹത്തിന്റെ വീട്ടിലെ പശു എന്നെ നോക്കി ചിരിക്കുമായിരുന്നു … ഹിന്ദുവായ എന്റെ യഥാര്‍ത്ഥ സഹോദരിയാണ് മാമുക്കോയയുടെ ആലയിലിരുന്ന് ചിരിക്കുന്നത് എന്ന് ഇന്നാണ് എനിക്ക് മനസ്സിലായത് … മാമുക്കോയയെ അല്ല മാമുക്കോയയുടെ പശുവിനെയാണ് ഞാന്‍ സ്നേഹിക്കേണ്ടത് എന്ന പുതിയ അറിവ് എന്നിലേക്ക് പകര്‍ന്ന് തന്ന സഹോദരങ്ങളോടുള്ള എന്റെ നന്ദി എങ്ങിനെയാണ് പ്രകടിപ്പിക്കേണ്ടത് എന്ന് എനിക്കറിയില്ലാ… ഹിന്ദുക്കളായ ദാസനെയും വിജയനെയും ദുബായിയാണെന്ന് പറഞ്ഞ് പറ്റിച്ച് മദ്രാസില്‍ ഇറക്കിവിട്ടതിനുള്ള ശിക്ഷ ഞാനി മനുഷ്യന്റെ പശുവിനെ അടിച്ച് മാറ്റി പകരം വീട്ടും… ജയ് പശു … ജയ് ചാണകം …ജയ് പിണ്ണാക്ക് …

Exit mobile version