നാഥനില്ലാ കളരിയായെന്നത് സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരമാണ് ; ശശി തരൂരിനെതിരെ തുറന്നടിച്ച് കെസി വേണുഗോപാല്‍

ആലപ്പുഴ: കോണ്‍ഗ്രസിനെക്കുറിച്ചുള്ള ശശി തരൂരിന്റെ നിലപാടിനെ വിമര്‍ശിച്ച് കോണ്‍ഗ്രസിന്റെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. കോണ്‍ഗ്രസ് നാഥനില്ലാ കളരിയായെന്ന ശശി തരൂരിന്റെ വിമര്‍ശനം സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം മാത്രമാണെന്ന് കെസി വേണുഗോപാല്‍ തുറന്ന് പറഞ്ഞു. പുറത്ത് പറയുന്നത് പോലെയുള്ള പ്രതിസന്ധി കോണ്‍ഗ്രസില്‍ ഇല്ലെന്നും, തരൂരിന്റെ വാക്കുകള്‍ സ്വാഭാവികമായി കണ്ടാല്‍ മതിയെന്നും കെസി വേണുഗോപാല്‍ പ്രതികരിച്ചു.

പാര്‍ട്ടിയില്‍ അടുത്ത പ്രസിഡന്റ് വരുന്നത് വരെ ചുമതലകള്‍ നിര്‍വ്വഹിക്കുമെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞിട്ടുള്ളത്. നിലവില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ കാര്യങ്ങള്‍ എല്ലാം മുന്നോട്ട് പോവുന്നുണ്ട്. വേണ്ട വിധത്തിലുള്ള തീരുമാനങ്ങള്‍ പാര്‍ട്ടിക്കകത്ത് കൈകൊള്ളുന്നുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

അധ്യക്ഷന്‍ ചുമതലയൊഴിഞ്ഞാല്‍ പിന്നെ കോണ്‍ഗ്രസ് ഭരണഘടനയനുസരിച്ച് പ്രവര്‍ത്തക സമിതിക്കാണ് അധികാരം. അതനുസരിച്ച് പ്രവര്‍ത്തക സമിതി അടിയന്തരമായി യോഗം ചേരും. പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാലാണ് വര്‍ക്കിംഗ് കമ്മിറ്റി വൈകിയതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

ഇപ്പോള്‍ കോണ്‍ഗ്രസ് ഒരു നാഥനില്ലാക്കളരിയായെന്നും, അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല്‍ ഗാന്ധി ഒഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടു. എന്നാല്‍ ഇതുവരെ അധ്യക്ഷനെ കണ്ടെത്താനാവാത്തതില്‍ കടുത്ത നിരാശയുണ്ടെന്നും ശശി തരൂര്‍ പ്രമുഖ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതേസമയം കോണ്‍ഗ്രസിലെ പ്രതിസന്ധിയാണ് കര്‍ണാടകത്തിലും ഗോവയിലും തിരിച്ചടിക്ക് കാരണമായതെന്നും തരൂര്‍ ആരോപിച്ചിരുന്നു.

തരൂരിന്റെ പ്രതികരണത്തെ വിമര്‍ശിച്ചാണ് ഇപ്പോള്‍ കെസി വേണുഗോപാല്‍ രംഗത്തെത്തിയത്. നിലവില്‍ കോണ്‍ഗ്രസില്‍ കാര്യങ്ങള്‍ എല്ലാം നടക്കുന്നുണ്ട്. പറയുന്നത് പോലെയുള്ള പ്രതിസന്ധി പാര്‍ട്ടക്കകത്ത് ഇല്ലെന്നും കെസി വേണുഗോപാല്‍ തുറന്നടിച്ചു.

Exit mobile version