‘എനിഗ്മചന്ന മഹാബലി’; കേരളത്തില്‍ നിന്നും പുതിയ ഭൂഗര്‍ഭ മത്സ്യത്തെ കണ്ടെത്തി

കൊച്ചി: കേരളത്തില്‍ നിന്നും ഗവേഷകര്‍ പുതിയ ഭൂഗര്‍ഭ മത്സ്യത്തെ കണ്ടെത്തി. നാഷണല്‍ ബ്യൂറോ ഓഫ് ഫിഷ് ജനറ്റിക്സ് റിസോഴ്‌സസിലെ കൊച്ചി കേന്ദ്രത്തിലെ ഗവേഷകരാണ് പുതിയ മത്സ്യത്തെ കണ്ടെത്തിയിരിക്കുന്നത്. തിരുവല്ല സ്വദേശി അരുണ്‍ വിശ്വനാഥിന്റെ വീട്ടിലെ കിണറ്റില്‍ നിന്നാണ് 13 സെന്റീമീറ്റര്‍ നീളമുള്ള പുതിയ മത്സ്യത്തെ ഗവേഷകര്‍ കണ്ടെത്തിയത്.

വരാല്‍ വിഭാഗത്തില്‍പെട്ട ഈ മത്സ്യത്തിന് ‘എനിഗ്മചന്ന മഹാബലി’ എന്നാണ് ഗവേഷകര്‍ നല്‍കിയിരിക്കുന്ന പേര്. ഭുഗര്‍ഭ വരാല്‍ ഇനത്തിലെ ലോകത്ത് തന്നെ രണ്ടാമത്തെ ഇനമാണിതെന്നാണ് ഗവേഷകര്‍ അറിയിച്ചത്. ചുവന്ന നിറത്തില്‍ നീളമുള്ള ശരീരത്തോട് കൂടിയതാണ് ഈ ചെറിയ മത്സ്യം.

എന്‍ബിഎഫ്ജിആറിലെ ഗവേഷകനായ രാഹുല്‍ ജി കുമാറിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് പുതിയ മത്സ്യത്തെ കണ്ടെത്തിയത്. ലോകത്താകമാനം ഭൂഗര്‍ഭജലാശയങ്ങളില്‍ നിന്ന് 250 ഇനം മത്സ്യങ്ങള്‍ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഏഴ് മത്സ്യങ്ങള്‍ കേരളത്തില്‍ നിന്നാണ് കണ്ടെത്തിയത്. അതേസമയം കിണറുകളിലോ മറ്റ് ഭൂഗര്‍ഭജലാശയങ്ങളിലോ ഇത്തരത്തിലുള്ള മീനുകളെ കണ്ടെത്തിയാല്‍ കൊച്ചിയിലെ എന്‍ബിഎഫ്ജിആര്‍ കേന്ദ്രവുമായി ബന്ധപ്പെടണമെന്നും ഗവേഷകര്‍ അറിയിച്ചു.

Exit mobile version