നാട്ടുകാരില്‍ കൗതുകമുണര്‍ത്തി എട്ടുകാലുകളുമായി പശുക്കിടാവ്; അപൂര്‍വ്വമെന്ന് വെറ്റിനറി ഡോക്ടര്‍

ഇടുക്കി: നാട്ടുകാരില്‍ കൗതുകമുണര്‍ത്തി എട്ടുകാലുകളുമായി പശുക്കിടാവ്. സംഭവം നടന്നത് നമ്മുടെ കേരളത്തില്‍ തന്നെയാണ്. നെടുങ്കണ്ടം സ്വദേശിയായ ക്ഷീര കര്‍ഷകന്‍ മുഞ്ചനാട്ട് ജോണിന്റെ വീട്ടിലാണ് എട്ട് കാലുകളുള്ള പശുക്കിടാവ് പിറന്നത്.ഇത്തരത്തില്‍ പശുക്കിടാവ് പിറന്നത് അപൂര്‍വ്വമെന്നാണ് വെറ്റിനറി ഡോക്ടര്‍മാര്‍ പറയുന്നത്. നെടുങ്കണ്ടം മൃഗാശുപത്രിയിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ഓപ്പറേഷനിലൂടെയാണ് പശുക്കുട്ടിയെ പുറത്തെടുത്തത്. എന്നാല്‍ ഈ പശുക്കുട്ടിയെ രക്ഷിക്കാന്‍ സാധിച്ചില്ല.

സാധാരണ ആടുകളില്‍ ഇത്തരത്തില്‍ വൈകല്യത്തോടെ കുട്ടികള്‍ ഉണ്ടാകാറുണ്ടെങ്കിലും പശുക്കുട്ടികള്‍ ഉണ്ടാവുന്നത് അപൂര്‍വ്വ സംഭവമാണെന്നാണ് വെറ്റിനറി ഡോക്ടര്‍മാര്‍ പറയുന്നത്. ഇത്തരത്തില്‍ പോളീമീലിയ എന്ന ജനിതക വൈകല്യം പശുക്കളില്‍ അപൂര്‍വ്വമായാണ് കാണുന്നതെന്ന് വെറ്റിനറി ഡോക്ടര്‍ വിഷ്ണു പറഞ്ഞു.

അതേസമയം തള്ളപശു സുരക്ഷിതമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. 32 വര്‍ഷമായി ക്ഷീര കര്‍ഷകനാണ് ജോണ്‍. ഇത്തവണ പശുവിന്റെ വയറ് സാധാരണയിലും വലുപ്പത്തില്‍ കണ്ടതല്ലാതെ യാതൊരു അസ്വസ്ഥതയും പശുവിന് ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ ഇരട്ടക്കുട്ടികള്‍ ആയിരിക്കുമെന്നാണ് കരുതിയത് എന്നാണ് ജോണ്‍ പറഞ്ഞത്. നെടുങ്കണ്ടം മൃഗാശുപത്രിയിലെ ഡോ. നിജിന്‍, ഡോ. വിഷ്ണു അറ്റന്‍ഡര്‍ ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് ഓപ്പറേഷനിലൂടെ പശുക്കുട്ടിയെ പുറത്തെടുത്തത്.

Exit mobile version