റോഡിന്റെ ശോചനീയ അവസ്ഥയില്‍ പ്രതിഷേധിച്ച് എംഎല്‍എ ഗീതാ ഗോപി; ചാണകവെള്ളം തളിച്ച് ‘ശുദ്ധീകരിച്ച്’ കോണ്‍ഗ്രസ്; ദളിത് ആയതിന്റെ പേരില്‍ അല്ലേ എന്ന് സോഷ്യല്‍മീഡിയ, പ്രതിഷേധം

എംഎല്‍എ സമരം ചെയ്ത ചേര്‍പ്പ് സിവില്‍ സ്റ്റേഷന് സമീപമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാണകവെള്ളം തളിച്ചത്.

തൃശ്ശൂര്‍: റോഡിന്റെ ശോചനീയ അവസ്ഥയില്‍ പ്രതിഷേധിച്ച് സമരം നടത്തി സിപിഐ എംഎല്‍എയായ ഗീതാ ഗോപി. സിവില്‍ സ്‌റ്റേഷന് മുന്‍പിലാണ് അവര്‍ സമരം നടത്തിയത്. എന്നാല്‍ ഇപ്പോള്‍ നേതാവ് ഇരുന്നിടം ചാണകവെള്ളം തളിച്ച് ശുദ്ധീകരിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നടപടി വിവാദത്തിലായിരിക്കുകയാണ്. ഗീതാ ഗോപി എംഎല്‍എയെ ജാതീയമായി അധിക്ഷേപിച്ചുവെന്നാണ് ഉയരുന്ന ആരോപണം.

സമൂഹമാധ്യമങ്ങളും രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുണ്ട്. ദളിത് ആയതിന്റെ പേരില്‍ അല്ലേ ഈ നടപടി എന്നാണ് സോഷ്യല്‍മീഡിയയും ചോദിക്കുന്നത്. എംഎല്‍എ സമരം ചെയ്ത ചേര്‍പ്പ് സിവില്‍ സ്റ്റേഷന് സമീപമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാണകവെള്ളം തളിച്ചത്. നാട്ടിക മണ്ഡലത്തിലെ ചേര്‍പ്പ് മുതല്‍ തൃപ്രയാര്‍ വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു നേതാവിന്റെ സമരം.

യൂത്ത് കോണ്‍ഗ്രസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ സിപിഐയും രംഗത്ത് വന്നിട്ടുണ്ട്. ദളിത് വിഭാഗക്കാരിയായ എംഎല്‍എയെ ജാതീയമായി അധിക്ഷേപിക്കുന്നതിനാണ് ചാണകവെള്ളം തളിച്ചതെന്ന് സിപിഐ നേതാക്കള്‍ ആരോപിച്ചു. ചേര്‍പ്പ് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്, ചേര്‍പ്പ് പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ക്കെതിരെ പരാതി നല്‍കുമെന്നും സിപിഐ നേതാക്കള്‍ അറിയിച്ചു.

Exit mobile version