ആത്മസുഹൃത്തിന്റെ സ്വപ്‌ന സാക്ഷാത്ക്കാരത്തിന് സാക്ഷ്യം വഹിക്കാന്‍ അര്‍ജുന്‍ എത്തി, അഭിമന്യുവായി നിന്ന് കൗസല്യക്ക് വിവാഹ സമ്മാനം നല്‍കി ; വികാര നിര്‍ഭരമായി വേദി

അഭിമന്യുവിനൊപ്പം എസ്ഡിപിഐ- ക്യാംപസ് ഫ്രണ്ട് തീവ്രവാദികളുടെ ആക്രമത്തില്‍ മാരകമായി പരിക്കേറ്റ അര്‍ജുന്‍ ഒരുമാസത്തോളം തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു

വട്ടവട: അഭിമന്യുവിന്റെ സഹോദരി കൗസല്യയുടെ വിവാഹമായിരുന്നു ഇന്നലെ. ആത്മസുഹൃത്തിന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നത് കാണാന്‍ അര്‍ജുനും എത്തിയിരുന്നു. അഭിമന്യുവിന്റെ സന്തത സഹചാരിയായിരുന്നു അര്‍ജുന്‍. അഭിമന്യുവിന് പകരമായല്ല, അഭിമന്യുവായി നിന്ന് സഹോദരി കൗസല്യയ്ക്ക് വേദിയില്‍വെച്ച് വിവാഹസമ്മാനമായി മോതിരംനല്‍കി. ‘കൗസല്യ എന്റേയും സഹോദരിയാണ്. എപ്പോഴും കുടുംബത്തിനൊപ്പമുണ്ടാകുമെന്ന്’ ഇടറുന്ന കണ്ഠത്തോടെ അര്‍ജുന്‍ അറിയിച്ചപ്പോള്‍ ചുറ്റും കൂടിനിന്നവരുടെ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു.

അഭിമന്യുവിനൊപ്പം എസ്ഡിപിഐ- ക്യാംപസ് ഫ്രണ്ട് തീവ്രവാദികളുടെ ആക്രമത്തില്‍ മാരകമായി പരിക്കേറ്റ അര്‍ജുന്‍ ഒരുമാസത്തോളം തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ആശുപത്രി വിട്ടെങ്കിലും യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ വട്ടവടയില്‍ എത്താന്‍ അര്‍ജുന് സാധിച്ചില്ല. പകരം അഭിമന്യുവിന്റെ മാതാപിതാക്കളെ ആശ്വസിപ്പിക്കാന്‍ അച്ഛന്‍ മനോജിനെയും അമ്മ ജെമിനിയെയും അയച്ചു.

ഇപ്പോഴും അര്‍ജുന് ശാരീരിക പ്രശ്‌നങ്ങളുണ്ട്. എങ്കില്‍പ്പോലും പ്രിയകൂട്ടുകാരന്റെ സ്വപ്‌നം സാക്ഷാത്ക്കരിക്കുന്നത് നേരില്‍ കാണണം എന്ന അതിയായ ആഗ്രഹമാണ് അര്‍ജുനെ വിവാഹ വേദിയില്‍ എത്തിച്ചത്. വിവാഹത്തിന് തലേദിവസം തന്നെ മഹാരാജാസിലെ 70–ഓളം കുട്ടികള്‍ക്കൊപ്പം അര്‍ജുന്‍ വട്ടവടയിലെത്തി. അഭിമന്യുവിന്റെ മൃതദേഹം മറവുചെയ്തിടത്ത് ഒരുനിമിഷം അവര്‍ നിന്നു.

‘അവനെ എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു. ഇവിടെയുള്ളവര്‍ക്ക് മാത്രമാണ് ആ ഇഷ്ടമെന്ന് ഞങ്ങളോര്‍ത്തു. പക്ഷേ, ഇപ്പോള്‍ ഈ വീട്ടിലേക്ക് എത്ര പേരാണ് വരുന്നത്. എവിടെ നിന്നെല്ലാം, അവനെ ഇത്രയും പേര്‍ക്ക് ഇഷ്ടമാണെന്ന് ഞങ്ങളിപ്പോഴാണ് മനസിലാക്കുന്നത്’  അഭിമന്യുവിനെപ്പറ്റി സഹോദരി കൗസല്യ പറഞ്ഞ വാക്കുകളാണിത്.

അവന്‍ ജീവനായി കരുതിയ പാര്‍ട്ടിയും സഖാക്കളും, നേരിട്ട് കണ്ടിട്ടുപോലുമില്ലാത്ത അവന്റെ സനേഹിതരും, വൈദ്യുതി മന്ത്രി എംഎം മണി, ഇടുക്കി എംപി ജോയ്സ് ജോര്‍ജ്, സിപിഎം നേതാവ് എം ഗോവിന്ദന്‍ മാസ്റ്റര്‍ തുടങ്ങിവരൊക്കെ കൗസല്യയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തി. വട്ടവട ഊര്‍കാട് കുര്യാക്കോസ് ഏലിയാസ് മെമ്മോറിയല്‍ ഹൈസ് സ്‌കൂളില്‍ നടന്ന വിവാഹം നടത്താനും എല്ലാകാര്യങ്ങള്‍ക്കും നേതൃത്വം കൊടുക്കാനും ചുറ്റമണ്ടായിരുന്നത് അഭിമന്യുവിനെ സ്നേഹിക്കുന്നവരാണ്. വിവാഹത്തിനെത്തിയവര്‍ അഭിമന്യു ഉണ്ടായിരുന്നെങ്കില്‍ സഹോദരിയുടെ വിവാഹത്തിന് എന്തൊക്കെ ചെയ്യുമോ അതൊക്കെ അവര്‍ ചെയ്തു. അഭിമന്യുവിന് പകരമായല്ല അഭിമന്യു തന്നെയായി നിന്നുകൊണ്ട്.

 

Exit mobile version