ഇങ്ങനെ പോയാല്‍ പാര്‍ട്ടിയുടെ സമര പരിപാടികള്‍ക്ക് ആളെ കിട്ടില്ല; കാനത്തിന് രൂക്ഷവിമര്‍ശനം

കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ സിപിഐ എറണാകുളം ജില്ല എക്‌സിക്യൂട്ടീവില്‍ രൂക്ഷവിമര്‍ശനം. സംസ്ഥാന സെക്രട്ടറിയുടെ നിലപാട് കാരണം പോലീസിന്റെ മര്‍ദ്ദനമേറ്റ മൂവാറ്റുപുഴ എംഎല്‍എയ്ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയായെന്ന് യോഗത്തില്‍ നേതാക്കള്‍ പറഞ്ഞു. ഇങ്ങനെ പോയാല്‍ പാര്‍ട്ടിയുടെ സമരപരിപാടികള്‍ക്ക് ആളെ കിട്ടില്ലെന്നും വിമര്‍ശനം ഉയര്‍ന്നു.

പാര്‍ട്ടി സംസ്ഥാനനേതൃത്വത്തെ ഉള്‍പ്പെടെ അറിയിച്ചാണ് സമരം ചെയ്തത്. ഈ സമരത്തിലാണ് പോലീസിന്റെ മര്‍ദ്ദനം ഏറ്റുവാങ്ങേണ്ടി വന്നത്. ഈ ഒരു സാഹചര്യത്തില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം എന്തിനാണ് ജില്ലാ നേതൃത്വത്തെ തള്ളിപ്പറയുന്നതെന്ന ചോദ്യവും ഉയര്‍ന്നു. അതിനാല്‍ സംസ്ഥാന നേതൃത്വം പരസ്യമായി മാപ്പു പറയണമെന്നു ഭൂരിഭാഗം അംഗങ്ങളും ആവശ്യമുയര്‍ത്തി.

അതേസമയം സംസ്ഥാന സെക്രട്ടറി തങ്ങളോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന് യോഗത്തിനു ശേഷം ജില്ലാ സെക്രട്ടറി പി രാജു പറഞ്ഞു. സമരത്തെ തള്ളിപ്പറയുകയോ അദ്ദേഹത്തിന്റെ അനുമതിയില്ലാതെയാണ് സമരം നടത്തിയതെന്നോ അദ്ദേഹം പറഞ്ഞിട്ടില്ല, സംസ്ഥാന സെക്രട്ടറി വിഷയത്തില്‍ പ്രതികരിച്ചതിനാലാണ് അന്വേഷണത്തിനായി സര്‍ക്കാര്‍ കളക്ടറെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഞാറയ്ക്കല്‍ സി ഐക്ക് എതിരായ സമരം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ നേതൃത്വത്തെ കുറിച്ച് ആര്‍ക്കും അവമതിപ്പില്ലെന്നും രാജു പറഞ്ഞു.

Exit mobile version