പൗരത്വ നിയമ ഭേദഗതി നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചത് പോലെ യുഎപിഎയും വേണ്ടെന്ന് വെക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം; കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചത് പോലെ യുഎപിഎയും വേണ്ടെന്ന് വെക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണുമെന്ന് കാനം രാജേന്ദ്രന്‍. പൗരത്വ ഭേദഗതിയിലില്ലാത്ത ഭരണഘടനാ ബാധ്യത യുഎപിഎയില്‍ എന്തിനാണെന്നും കാനം ചോദിച്ചു. പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്റ് പാസാക്കിയതാണ്. സാങ്കേതികമായി പറഞ്ഞാല്‍ പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ ലംഘിക്കുകയല്ലേ കേരള മുഖ്യമന്ത്രി ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു.

‘യുഎപിഎ കാര്യത്തില്‍ കേരളത്തില്‍ മാത്രമായി ഇടതുപാര്‍ട്ടികളുടെ നിലപാടില്‍ മാറ്റം വരുത്തേണ്ട കാര്യമില്ല. സിപിഎമ്മിന്റെയും സിപിഐയുടെയും പാര്‍ട്ടി കോണ്‍ഗ്രസുകള്‍ അംഗീകരിച്ചിട്ടുള്ള കാര്യമാണിത്. ഏത് സാഹചര്യത്തിലാണ് കേരളത്തിലിത് മാറുന്നതെന്ന് അറിയില്ല. പന്തീരാങ്കാവ് കേസില്‍ അവരുടെ വീട്ടില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മാത്രമേ പിടിച്ചിട്ടുള്ളൂ. ഒന്നോ രണ്ടോ പുസ്തകങ്ങള്‍ പിടിച്ചാല്‍ കുറ്റക്കാരാവില്ല. കേരള പോലീസ് പറഞ്ഞാല്‍ ആരും മാവോയിസ്റ്റാവില്ല. ആ കേസിന്റെ എഫ്‌ഐആര്‍ ഞാന്‍ പരിശോധിച്ചതാണ്. തെളിവുകളില്ലാത്തൊരു കേസാണത്,’ എന്നും കാനം പറഞ്ഞു.

Exit mobile version