വീണ്ടും കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; അടിയന്തിരമായി 100 കോടി അനുവദിക്കണം, ഇല്ലെങ്കില്‍ പ്രവര്‍ത്തനം നിലയ്ക്കും; മുന്നറിയിപ്പുമായി കെഎസ്ആര്‍ടിസി

സ്‌പെയര്‍പാട്‌സ് വാങ്ങാന്‍ പണമില്ലാത്തതിനാല്‍ ദിവസം ആയിരത്തോളം ബസുകള്‍ അയയ്ക്കുന്നില്ല.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി വീണ്ടും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക്. അടിയന്തിരമായി നൂറുകോടി രൂപ അനുവദിക്കണമെന്നാണ് ഉയരുന്ന ആവശ്യം. പണം അനുവദിച്ചില്ലെങ്കില്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിലയ്ക്കുമെന്ന് സര്‍ക്കാരിന് എംഡി മുന്നറിയിപ്പ് നല്‍കി. നഷ്ടം കുറയ്ക്കാനും വരുമാനം കൂട്ടാനും നടത്തിയ നീക്കങ്ങള്‍ പാളിയതാണ് ഇപ്പോള്‍ വീണ്ടും തിരിച്ചടിയാകുന്നത്.

സ്‌പെയര്‍ പാട്‌സ് കുടിശ്ശിക 21.50 കോടി, ബസ് വാങ്ങിയ വകയില്‍ പതിനെട്ടരക്കോടി, അപകട നഷ്ടപരിഹാരമായി കൊടുക്കാനുള്ളത് 25.60 കോടി രൂപ, ജിപിഎസും ജിഎസ്ടിക്കുമായി 17 കോടി, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ കുടിശിക 13 കോടിയും വായ്പയ്ക്കായി കണ്‍സോര്‍ഷ്യം രൂപീകരിച്ച വകയില്‍ ബാങ്ക് ഫീസ് കുടിശിക നാലരക്കോടിയും. ഇങ്ങനെ നീളുന്നു ബാക്കിയാകുന്ന കടങ്ങള്‍.

സ്‌പെയര്‍പാട്‌സ് വാങ്ങാന്‍ പണമില്ലാത്തതിനാല്‍ ദിവസം ആയിരത്തോളം ബസുകള്‍ അയയ്ക്കുന്നില്ല. കുടിശിക കൊടുക്കാത്തത് കാരണം സ്വകാര്യ കമ്പനി സ്‌കാനിയ വോള്‍വോ ബസുകളുടെ അറ്റകുറ്റപ്പണി നിര്‍ത്തി വെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ റിസര്‍വേഷനുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ റദ്ദാക്കേണ്ടി വരികയാണ്. ഈ സാമ്പത്തിക വര്‍ഷത്തെ ഇതുവരെയുള്ള നഷ്ടം 234 കോടി രൂപയാണ്.

നിലവിലെ ബാധ്യതകള്‍ക്ക് അല്‍പ്പമെങ്കിലും ആശ്വാസമാകുവാന്‍ നൂറുകോടി വേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. പെന്‍ഷനായി ട്രഷറിയിലേക്ക് നേരിട്ട് അടച്ച 47 കോടി രൂപ തിരികെ നല്‍കണം, വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്റ കാര്യത്തില്‍ പുനര്‍ചിന്ത വേണം, ഒരു ദിവസം 204000 വിദ്യാര്‍ത്ഥികളാണ് സൗജന്യമായി യാത്ര ചെയ്യുന്നത്. ഇത് വന്‍സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നുവെന്നും എംഡി എംപി ദിനേശ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Exit mobile version