ചരിത്രം ആവര്‍ത്തിക്കുന്നു…അന്ന് ക്ഷേത്ര പ്രവേശന വിളംബരത്തിനു പിന്നില്‍ സര്‍ സിപി; വര്‍ഷങ്ങള്‍ക്കിപ്പുറം ദേവസ്വത്തിനു വേണ്ടി ഹാജരാകുന്നത് കൊച്ചുമകന്‍

ചെന്നൈ സ്വദേശിയാണ് അഡ്വക്കേറ്റ് സിഎ സുന്ദരം എന്ന ആര്യാമ സുന്ദരം

തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭോദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയുടെ പുഃനപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ ദേവസ്വം ബോര്‍ഡിനു വേണ്ടി ഹാജരാകുന്നത് സര്‍ സിപിയുടെ കൊച്ചുമകന്‍ അഡ്വക്കേറ്റ് ആര്യാമ സുന്ദരം. ചെന്നൈ സ്വദേശിയാണ് അഡ്വക്കേറ്റ് സിഎ സുന്ദരം എന്ന ആര്യാമ സുന്ദരം.

1936-ല്‍ തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീചിത്തിര തിരുന്നാള്‍ ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് അക്കാലത്ത് തിരുവിതാംകൂറിലെ ദിവാന്‍ സര്‍ സിപി രാമസ്വാമി അയ്യര്‍ ആയിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം അതേ സിപിയുടെ കൊച്ചുമകന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന സര്‍ക്കാരിന് കീഴിലുള്ള ദേവസ്വം ബോര്‍ഡിനുവേണ്ടി സുപ്രീം കോടതിയില്‍ കേസ് വാദിക്കാനെത്തുന്നു.

സര്‍ സിപി മുന്‍കൈയെടുത്ത് നടത്തിയ നീക്കങ്ങളായിരുന്നു തിരുവിതാംകൂറില്‍ ക്ഷേത്രപ്രവേശന വിളംബരവും അതുവഴി പിന്നോക്ക വിഭാഗത്തിന് ക്ഷേത്രപ്രവേശനവും സാധ്യമായത്. ക്ഷേത്രപ്രവേശനത്തിന്റെ 82-ാം വാര്‍ഷികവേളയില്‍ സര്‍ സിപിയുടെ കൊച്ചുമകന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ കേസ് ഏല്‍പ്പിക്കുന്നത് തികച്ചും കൗതുകകരമാണ്.

സുപ്രീം കോടതിയിലെ അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ മനു അഭിഷേക് സിങ്വിയായിരുന്നു ദേവസ്വം ബോര്‍ഡിനുവേണ്ടി കോടതിയില്‍ ഹാജരായിരുന്നത്. എന്നാല്‍ റിവ്യൂ ഹര്‍ജി പരിഗണിക്കുന്ന വേളയില്‍ മനു അഭിഷേക് സിങ്വിയെ ഒഴിവാക്കി പകരം ആര്യാമ സുന്ദരത്തെ സര്‍ക്കാര്‍ കേസ് ഏല്‍പ്പിക്കുകയായിരുന്നു. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനാണ് ആര്യാമ സുന്ദരം. സുപ്രീം കോടതിയില്‍ ഏറ്റവുമധികം ഫീസ് വാങ്ങുന്ന അഭിഭാഷകരില്‍ ഒരാള്‍ കൂടിയാണ് ഇദ്ദേഹം.

Exit mobile version