നീരൊഴുക്ക് കൂടി: മലങ്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; ജാഗ്രതാ നിര്‍ദേശം

മൂവാറ്റുപുഴ: സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായതോടെ മലങ്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. ഡാമിന്റെ രണ്ടുഷട്ടറുകള്‍ 30 സെന്റീ മീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. മൂവാറ്റുപുഴയാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ആര്‍ഡിഒ അറിയിച്ചു.

ശക്തമായ മഴ തുടരുന്നതിനാല്‍ ജലനിരപ്പ് ക്രമീകരിക്കാനാണ് ഷട്ടര്‍ തുറന്നത്. ഇടുക്കി ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ദ്ധിച്ചതോടെയാണ് ജലനിരപ്പ് ഉയര്‍ന്നത്.

കൂടാതെ, ജലനിരപ്പ് ഉയർന്ന പാംബ്ല (ലോവർ പെരിയാർ), കല്ലാർകുട്ടി ഡാമുകളുടെ ഷട്ടറുകൾ ഏതുസമയത്തും ഉയർത്താൻ സാധ്യത‍യുണ്ടെന്ന് അറി‍യിപ്പ്. ഡാമുകളുടെ ഷട്ടർ തുറക്കുന്നതിനാൽ പെരിയാറിന്‍റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിരാവരണ അഥോറിറ്റി മുന്നറിയിപ്പ് നൽകി.

അതേസമയം കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ച റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ തുടരുകയാണ്. ജൂലൈ 19 മുതല്‍ 23 വരെയാണ് സംസ്ഥാനത്ത് റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ മഴ കനത്തു. കോട്ടയം ജില്ലയിലെ മീനച്ചിലാറും മണിമലയാറും കരകവിയുകയാണ്. മലബാറില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ മലയോര മേഖലകളില്‍ ശക്തമായ മഴ തുടരുകയാണ്. കനത്ത മഴയില്‍ കണ്ണൂര്‍ നഗരത്തിലെ വിവിധ പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി. കോഴിക്കോട് നഗരവും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. മൂന്നുദിവസം കൂടി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

Exit mobile version