കാസര്‍കോട് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി, സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയാണ് അവധി. കനത്ത മഴയെ തുടര്‍ന്നാണ് അവധി.

വടക്കന്‍ കേരളത്തിലും തെക്കന്‍ കേരളത്തിലും കനത്ത മഴയാണ്. പല സ്ഥലങ്ങളിലും ആളുകളെ ഇതിനോടകം തന്നെ മാറ്റിപ്പാര്‍പ്പിച്ചു. വടക്കന്‍ കേരളത്തിന്റെ പലഭാഗങ്ങളിലും മഴ ഇപ്പോഴും ശക്തമായി തുടരുകയാണ്.

ഇടുക്കി ജില്ലയിലെ പാംബ്ല (ലോവര്‍ പെരിയാര്‍), കല്ലാര്‍കുട്ടി, മലങ്കര ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്താന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. ഇതേത്തുടര്‍ന്ന് പെരിയാറിന്റെയും മൂവാറ്റുപഴയാറിന്റെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

സംസ്ഥാനത്ത് ഇന്നുമുതല്‍ ചൊവ്വാഴ്ച വരെ വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് വെള്ളിയാഴ്ച റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്.

ജൂലൈ 20 ന് കാസര്‍കോട്, ജൂലൈ 21ന് മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും ജൂലൈ 22ന് കോട്ടയം, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും, ജൂലൈ 23ന് കണ്ണൂര്‍ എന്നീ ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ‘ഓറഞ്ച്’ അലേര്‍ട്ട് പ്രഖ്യാപിച്ചത്.

Exit mobile version