പിഎസ്‌സി പരീക്ഷയ്ക്ക് 55 ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കൃത്യമായി അറിയാമായിരുന്നു; ബാക്കി കറക്കികുത്തിയത്; പരീക്ഷയിലെ ഉന്നത വിജയത്തെ കുറിച്ച് ശിവരഞ്ജിത്

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്തുകേസില്‍ അറസ്റ്റിലായ ഒന്നാം പ്രതി ശിവരഞ്ജിത് തനിക്ക് പിഎസ്‌സി പരീക്ഷയില്‍ ലഭിച്ച ഒന്നാം റാങ്കിനെ കുറിച്ച് മൊഴി നല്‍കി. പിഎസ്‌സി സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷയില്‍ 55 ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കൃത്യമായി അറിയാമായിരുന്നെന്നും ബാക്കിയുള്ളവ കറക്കിക്കുത്തിയാണ് പരീക്ഷ പൂര്‍ത്തിയാക്കിയതെന്നും കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റായിരുന്ന ശിവരഞ്ജിത് പറഞ്ഞതായി റിപ്പോര്‍ട്ട്. മാതൃഭൂമിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ശിവരഞ്ജിത്തിന് പരീക്ഷയില്‍ ഒന്നാം റാങ്ക് കിട്ടിയത് കേസിന് പിന്നാലെ വലിയ ഒച്ചപ്പാടുകള്‍ക്ക് കാരണമായിരുന്നു. പരീക്ഷയില്‍ ആക്രമണക്കേസിലെ പ്രതികളായ ശിവരഞ്ജിത്തും നസീമുമടക്കം കോളേജിലെ മൂന്നു വിദ്യാര്‍ത്ഥികള്‍ റാങ്ക്‌ ലിസ്റ്റില്‍ മുന്നിലെത്തിയിരുന്നു.

ഇതുസംബന്ധിച്ച് പിഎസ്‌സി അന്വേഷണം നടത്തുകയാണ്. 78.33 മാര്‍ക്കാണ് ഈ പരീക്ഷയില്‍ ശിവരഞ്ജിത്ത് നേടിയത്. 29.67 ആയിരുന്നു കട്ട് ഓഫ് മാര്‍ക്ക്. സ്‌പോര്‍ട്‌സ് ക്വോട്ടയിലെ മാര്‍ക്ക് കൂടി കണക്കിലെടുത്ത് 90 മാര്‍ക്കിന് മുകളിലാണ് ശിവരഞ്ജിതിന് ലഭിച്ചിട്ടുള്ളത്. രണ്ടാം പ്രതിയായ നസീം റാങ്ക് ലിസ്റ്റില്‍ 28-ാം റാങ്കുകാരനാണ്. 65.33 മാര്‍ക്കാണ് നസീമിന് ലഭിച്ചത്.

അതേസമയം, വിവാദമായതോടെ പിഎസ്‌സി റാങ്ക്‌ ലിസ്റ്റ് പിന്‍വലിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി.

Exit mobile version