ഇതരമതസ്ഥരെ ശബരിമലയിൽ പ്രവേശിപ്പിക്കരുതെന്ന് ഹർജി; യേശുദാസ് പാടി ഹരിവരാസനവും മാറ്റണോ എന്ന് വിമർശിച്ച് ഹൈക്കോടതി

ഊരകം സ്വദേശി ഗോപിനാഥന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം.

കൊച്ചി: ശബരിമല ക്ഷേത്രത്തിൽ ഹിന്ദു മതസ്ഥരല്ലാത്തവരെ വിലക്കണമെന്ന തൃശ്ശൂർ സ്വദേശിയുടെ ഹർജിയിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഹിന്ദുമത വിശ്വാസികൾ അല്ലാത്തവർക്ക് ശബരിമല ക്ഷേത്രത്തിൽ വിലക്കില്ലെന്നും ശബരിമല ക്ഷേത്രം മതനിരപേക്ഷ ക്ഷേത്രമാണെന്നും കോടതി ചൂണ്ടിക്കാണിച്ചു. ഊരകം സ്വദേശി ഗോപിനാഥൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ വിമർശനം.

കാര്യങ്ങൾ ഇങ്ങനെയാണെങ്കിൽ യേശുദാസ് പാടിയ ഹരിവരാസനം മാറ്റിപ്പാടിക്കേണ്ടി വരുമോയെന്നും കോടതി ഹർജിക്കാരനോട് ചോദിച്ചു. അതേസമയം, ഹരിവരാസനത്തെ മന്ത്രമായി കാണരുതെന്നും അതിന് ക്ഷേത്രാചാരവുമായി ബന്ധമില്ലെന്നുമായിരുന്നു ഗോപിനാഥന് വേണ്ടി ഹാജരായ അഭിഭാഷകന്റെ മറുപടി. ഹർജിയുമായി മുന്നോട്ട് പോകാൻ ഹർജിക്കാരൻ ആഗ്രഹിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശം നൽകി. തുടർന്ന് കേസ് പരിഗണിക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി.

ശബരിമല ക്ഷേത്രത്തിൽ അഹിന്ദുക്കളെ വിലക്കാൻ ആവശ്യപ്പെടുന്ന ഹരജികൾ പരിഗണിക്കാനാവില്ലെന്ന് ദേവസ്വം കേസുകൾ പരിഗണിക്കുന്ന മറ്റൊരു ബെഞ്ച് മാർച്ച് മാസത്തിൽ വ്യക്തമാക്കിയിരുന്നു.

Exit mobile version