രാജ്യത്ത് മത്തിയുടെ ലഭ്യതയില്‍ വന്‍ ഇടിവ്, അയല ഗണ്യമായി കൂടി; കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ റിപ്പോര്‍ട്ട്

അയലയ്ക്ക് പുറമേ, കൊഴുവ, കിളിമീന്‍, ചെമ്മീന്‍, കൂന്തല്‍-കണവ എന്നിവയുടെ ലഭ്യതയും കേരളത്തില്‍ കൂടിയിട്ടുണ്ട്

തിരുവനന്തപുരം: രാജ്യത്ത് ഇത്തവണ മത്തിയുടെ ലഭ്യതയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തതായി കന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ റിപ്പോര്‍ട്ട്. ഇത്തവണ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉള്ളതിനേക്കാള്‍ 54 ശതമാനമാണ് മത്തിയുടെ ലഭ്യത കുറഞ്ഞിരിക്കുന്നത്. അതേസമയം അയലയുടെ ലഭ്യത കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടിയിട്ടുണ്ടെന്നാണ് സിഎംഎഫ്ആര്‍ഐ പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്.

കേരളത്തില്‍ മത്തിയുടെ ലഭ്യത കുറവ് 39 ശതമാനമാണ്. 2017ല്‍ ലഭിച്ചതിനേക്കാള്‍ ഏകദേശം അമ്പതിനായിരം ടണ്‍ കുറഞ്ഞ് ആകെ 77,093 ടണ്‍ മത്തിയാണ് കേരളത്തില്‍ കഴിഞ്ഞവര്‍ഷം ലഭിച്ചത്. പോയവര്‍ഷം 6.42 ലക്ഷം ടണ്‍ മത്സ്യമാണ് സംസ്ഥാനത്ത് പിടിച്ചത്. മുന്‍വര്‍ഷം ഇത് 5.85 ലക്ഷം ടണ്‍ ആയിരുന്നു. കഴിഞ്ഞവര്‍ഷം ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് പിടിച്ച മീനുകളുടെ കണക്ക് ഇന്നലെയാണ് സിഎംഎഫ്ആര്‍ഐ പുറത്തുവിട്ടത്.

മത്തിയുടെ ലഭ്യത കുറഞ്ഞപ്പോള്‍ അയലയുടെ ലഭ്യത ഗണ്യമായി കൂടി. മുന്‍ വര്‍ഷത്തേക്കാള്‍ 142 ശതമാനമാണ് വര്‍ധനവ്. അയലയ്ക്ക് പുറമേ, കൊഴുവ, കിളിമീന്‍, ചെമ്മീന്‍, കൂന്തല്‍-കണവ എന്നിവയുടെ ലഭ്യതയും കേരളത്തില്‍ കൂടിയിട്ടുണ്ട്. ദേശീയതലത്തില്‍ ഒന്നാം സ്ഥാനത്തായിരുന്ന മത്തി ഇപ്പോള്‍ ഒമ്പതാം സ്ഥാനത്തേക്ക് കൂപ്പ് കുത്തിയിരിക്കുകയാണ്. പശ്ചിമബംഗാള്‍, കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ മത്സ്യലഭ്യത കുറഞ്ഞതാണ് രാജ്യത്തെ മൊത്തം മത്സ്യലഭ്യതയില്‍ ഇടിവ് വരാന്‍ കാരണമായിരിക്കുന്നത്.

മത്സ്യോല്‍പ്പാദനത്തില്‍ കേരളത്തിന് മൂന്നാം സ്ഥാനമാണ് ഉള്ളത്. ഗുജറാത്ത് ആണ് ഒന്നാം സ്ഥാനത്ത് ഉള്ളത്. സിഎംഎഫ്ആര്‍ഐയിലെ ഫിഷറി റിസോഴ്സസ് അസസ്മെന്റ് വിഭാഗമാണ് പുതുതായി നിലവില്‍ വന്ന ഓണ്‍ലൈന്‍ സംവിധാനം ഉപയോഗപ്പെടുത്തി ഈ കണക്കുകള്‍ തയ്യാറാക്കിയിരിക്കുന്നത്.

Exit mobile version