പമ്പയില്‍ വെച്ച് പ്രായം പരിശോധിച്ച അക്രമികള്‍, നടപന്തലില്‍ വെച്ച് മനപൂര്‍വ്വം ആക്രമിച്ചു; അഭിസാരികയെന്ന് വിളിച്ചു; മാധ്യമങ്ങളോട് എന്ത് പറയണമെന്ന് അവര്‍ പറഞ്ഞ് പഠിപ്പിച്ചുവെന്നും ലളിത

ഇവര്‍ പ്രത്യേക രീതിയില്‍ കൈക്കൊട്ടി ശരണം വിളിച്ചതോടെ ആയിരത്തോളം ആളുകള്‍ ഓടിക്കൂടി. അത്രയും ആളുകള്‍ പെട്ടെന്ന് എവിടെ നിന്ന് എത്തിയെന്ന് അറിയില്ല.

തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് മകന്റെ കുഞ്ഞിന്റെ ചോറൂണിനെത്തിയ സ്ത്രീയെ ആക്രമിച്ചത് മുന്‍കൂട്ടി പദ്ധതിയിട്ടപ്രകാരമെന്ന് സൂചന. സംഘപരിവാര്‍ അക്രമികളില്‍ നിന്നും രക്ഷപ്പെട്ടെങ്കിലും അതിന്റെ ഞെട്ടലില്‍ നിന്നും ഇപ്പോഴും പുറത്തുവന്നിട്ടില്ലെന്ന് അക്രമത്തിനിരയായ തൃശൂര്‍ സ്വദേശി ലളിത പറയുന്നു.

ആക്രമണത്തിനിരയായ തന്നെ മാധ്യമങ്ങളോട് എന്താണ് പറയേണ്ടത് എന്ന് അവര്‍ തന്നെ പറഞ്ഞ് പഠിപ്പിച്ചിരുന്നു. തന്റെ ആധാറിന് പകരം മകന്റെ ഭാര്യയുടെ ആധാറാണ് കാണിച്ചതെന്നും അതില്‍ പ്രായം കുറവുള്ളതുകൊണ്ടാണ് തടഞ്ഞതെന്ന് പറയണമെന്നുമായിരുന്നു അവരുടെ ഉപദേശം.

പമ്പയിലെത്തി പരാതിയില്ലെന്ന് എഴുതി കൊടുത്തിരുന്നു. ആരോടും ഒന്നും പറയണ്ട എന്ന് കരുതിയതാണ്. എന്നാല്‍ അനുജത്തിയുടെ മകനാണ് അക്രമിച്ചതെന്ന് അവരില്‍ ചിലര്‍ പ്രചരിപ്പിച്ചു. കുറ്റക്കാരനായി ചിത്രീകരിച്ച് വീഡിയോയും പ്രചരിപ്പിച്ചു. ഇതോടെയാണ് നടന്നത് എന്തെന്ന് പറയാന്‍ തീരുമാനിച്ചത് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ലളിത പറയുന്നു.

അക്രമം പലരും മുന്‍കൂട്ടി പ്ലാന്‍ ചെയ്തപോലെയായിരുന്നെന്നും 52 വയസുണ്ടെന്ന് പോലീസ് പറഞ്ഞിട്ടും കൂട്ടം കൂടിയവര്‍ ആക്രമണം തുടങ്ങിയിരുന്നെന്നും ലളിത പറയുന്നു.

അയ്യപ്പന്റെ അനുഗ്രഹം കൊണ്ട് മാത്രമാണ് സന്നിധാനത്തെ അക്രമികളുടെ കൈയ്യില്‍ നിന്നും ജീവന്‍ തിരിച്ചുകിട്ടിയത്. അക്രമികള്‍ പമ്പയില്‍ തന്നെ പ്രായം തെളിയിക്കാന്‍ ആധാര്‍ കാര്‍ഡ് പരിശോധിച്ചിരുന്നുന്നു. ഇതിന് പിന്നാലെയാണ് സന്നിധാനത്തെ അക്രമം.

വലിയ നടപ്പന്തലിലെത്തിയപ്പോള്‍ അക്രമികള്‍ പാഞ്ഞടുക്കുകയായിരുന്നു. ശരണം വിളിയുമായാണ് അക്രമികള്‍ എത്തിയത്. ഇവര്‍ പ്രത്യേക രീതിയില്‍ കൈക്കൊട്ടി ശരണം വിളിച്ചതോടെ ആയിരത്തോളം ആളുകള്‍ ഓടിക്കൂടി.

അത്രയും ആളുകള്‍ പെട്ടെന്ന് എവിടെ നിന്ന് എത്തിയെന്ന് അറിയില്ല. ആധാര്‍ ചോദിച്ചപ്പോള്‍ മകന്‍ കാണിച്ചു. 52 വയസുണ്ടെന്ന് പോലീസ് പറഞ്ഞിട്ടും കൂട്ടം കൂടിയവര്‍ ആക്രമണം തുടങ്ങിയിരുന്നു.

ആദ്യം അവര്‍ തന്റെ തലയ്ക്കടിച്ചു. പിന്നീട് ‘അഭിസാരിക’ എന്നും കേട്ടലറയ്ക്കുന്ന മറ്റ് പദങ്ങളും വിളിച്ചു. ഒരു അയ്യപ്പഭക്തനും വിളിക്കാന്‍ പാടില്ലാത്ത തെറികളായിരുന്നു അത്.

പോലീസ് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലും അവര്‍ തന്റെ മുടി ചുറ്റിപ്പിടിച്ച് വലിക്കുകയും അടിക്കുകയും ചെയ്തു. ഒരാള്‍ നാളികേരം കൊണ്ട് എറിഞ്ഞെങ്കിലും മാധ്യമപ്രവര്‍ത്തകന്റെ നെറ്റിയിലാണ് കൊണ്ടത്. ജീവനോടെ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചതല്ല.

ചോറുകൊടുക്കാന്‍ കൊണ്ടുവന്നതാണെന്ന് പറഞ്ഞ മകന്റെ ഇരുമുടിക്കെട്ട് വലിച്ചെറിഞ്ഞാണ് ആക്രമിച്ചത്. വിനീഷിനെ അടിച്ച് കാല്‍ ചവിട്ടിയൊടിച്ചു. അനുജത്തിയുടെ മകനെ മര്‍ദ്ദിച്ച് മുണ്ടും ഷര്‍ട്ടും വലിച്ചു കീറി. മുണ്ട് കൊടുത്ത് സഹായിക്കാന്‍ ശ്രമിച്ച ഭക്തനെയും അവര്‍ ആക്രമിച്ചു.

ആചാരം ലംഘിക്കണമെന്നൊന്നും കരുതിയല്ല ഞങ്ങള്‍ വന്നത്. ഞങ്ങള്‍ അയ്യപ്പഭക്തരാണ്. മകനും മകളും കുട്ടികളായിരുന്നപ്പോള്‍ ഭര്‍ത്താവ് എല്ലാ വര്‍ഷവും മലയ്ക്ക് കൊണ്ടുപോയിരുന്നു. 15 വര്‍ഷം മുമ്പ് മകള്‍ മരിച്ചതോടെയാണ് യാത്ര നിര്‍ത്തിയത്. വഴിപാടുകള്‍ക്ക് ശേഷമാണ് മകന് കുഞ്ഞുണ്ടായത്. ചോറൂണ് ശബരിമലയില്‍ നേര്‍ച്ചയായിരുന്നു. അതുകൊണ്ടാണ് പോയത്- ലളിത പറയുന്നു.

Exit mobile version