വയനാട്ടില്‍ ചരക്ക് ലോറിയിടിച്ച് ഗുരുതര പരിക്കേറ്റ കാട്ടാനയ്ക്ക് വനം വകുപ്പ് ചികിത്സ നല്‍കി

രാവിലെ പത്തു മണിയോടെ വനം വകുപ്പ് വെറ്ററിനറി സര്‍ജന്‍ അരുണ്‍ സഖറിയയുടെ നേതൃത്യത്തില്‍ കുങ്കിയാനകളെ ഉപയോഗിച്ച് ആനക്കുട്ടത്തെ അകറ്റിയ ശേഷം പരിക്കേറ്റ ആനയ്ക്ക് ചികിത്സ നല്‍കി

കല്‍പ്പറ്റ: വയനാട്ടില്‍ ചരക്ക് ലോറിയിടിച്ച് പരിക്കേറ്റ കാട്ടാനയ്ക്ക് ചികിത്സ നല്‍കി. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ കോഴിക്കോട് മൈസൂര്‍ ദേശീയ പാതയിലെ പൊന്‍ കുഴി വനമേഖലയില്‍ വച്ചാണ് കാട്ടാനയെ ചരക്ക് ലോറി ഇടിച്ചത്. ഗുരുതര പരിക്കേറ്റ കാട്ടാനയെ മയക്കു വെടി വെച്ചാണ് വനം വകുപ്പ് ചികിത്സ നല്‍കിയത്.

ആന ആരോഗ്യം വീണ്ടെടുക്കാന്‍ അമ്പത് ശതമാനം സാധ്യതയേ ഉള്ളുവെന്ന് വനം വകുപ്പുദ്യോഗസ്ഥര്‍ അറിയിച്ചു. അതേസമയം ഇടിയുടെ ആഘാതത്തില്‍ പരിക്കേറ്റ ആന ഏറെ നേരം റോഡരികില്‍ മുട്ടുകുത്തി നിന്ന ശേഷം കാട്ടിലേക്കു കയറുകയായിരുന്നു.

രാവിലെ പത്തു മണിയോടെ വനം വകുപ്പ് വെറ്ററിനറി സര്‍ജന്‍ അരുണ്‍ സഖറിയയുടെ നേതൃത്യത്തില്‍ കുങ്കിയാനകളെ ഉപയോഗിച്ച് ആനക്കുട്ടത്തെ അകറ്റിയ ശേഷം പരിക്കേറ്റ ആനയ്ക്ക് ചികിത്സ നല്‍കി. വരുന്ന ദിവസങ്ങളിലും ആന വനം വകുപ്പിന്റെ നിരീക്ഷണത്തില്‍ തന്നെയായിരിക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ആനയെ ഇടിച്ച ലോറിയുടെ ഡ്രൈവര്‍ ബാലുശേരി സ്വദേശി ഷമീജിനെ വനം വകുപ്പ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടെ ഉണ്ടായിരുന്നവരെ ദൃക്‌സാക്ഷികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Exit mobile version