ഗുണമേന്മ ഇല്ലാത്ത പെട്ടി, എംബാം ചെയ്തില്ല; പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് മലയാളി സൈനികന്റെ ചേതനയറ്റ ശരീരം, അനാദരവ് കാണിച്ചതായി പരാതി

മുഖം പോലും തിരിച്ചറിയാന്‍ കഴിയാത്ത വിധത്തില്‍ ജീര്‍ണിച്ചു ദുര്‍ഗന്ധം വമിക്കുന്ന നിലയിലായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

ആലപ്പുഴ: അരുണാചല്‍പ്രദേശില്‍ മരിച്ച മലയാളിയായ ഗ്രഫ് ജീവനക്കാരന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചതായി പരാതി. എംബാം ചെയ്യാതെ ഗുണമേന്മ ഇല്ലാത്ത പെട്ടിയില്‍ മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കി പൊതിഞ്ഞ് അയക്കുകയുമായിരുന്നു. ആലപ്പുഴ ചിങ്ങോലി സ്വദേശി അനില്‍കുമാറിന്റെ മൃതദേഹത്തോടാണ് അനാദരവ് കാണിച്ചത്. നാട്ടില്‍ എത്തിയപ്പോഴേയ്ക്കും മൃതദേഹം അഴുകിയ നിലയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ കളക്ടര്‍ക്ക് പരാതി നല്‍കുകയും ചെയ്തു.

ശനിയാഴ്ച പുലര്‍ച്ചെയാണ്, സൈന്യത്തിന്റെ ഭാഗമായ ഗ്രഫ് ജീവനക്കാരന്‍ അനില്‍കുമാര്‍ മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണപ്പെട്ടത്. ഇന്നലെ രാവിലെയോടെ നെടുമ്പാശ്ശേരിയില്‍ എത്തിച്ച മൃതദേഹം, ഉച്ചയോടെയാണ് ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ കൊണ്ട് വന്നത്. എന്നാല്‍ സംസ്‌കാര ചടങ്ങിന് മുന്നോടിയായി വസ്ത്രങ്ങള്‍ മാറ്റാന്‍ മോര്‍ച്ചറിയില്‍ കയറിയപ്പോഴാണ് മൃതദേഹം ജീര്‍ണ്ണിച്ച അവസ്ഥയില്‍ കണ്ടത്.

മുഖം പോലും തിരിച്ചറിയാന്‍ കഴിയാത്ത വിധത്തില്‍ ജീര്‍ണിച്ചു ദുര്‍ഗന്ധം വമിക്കുന്ന നിലയിലായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മൃതദേഹത്തോട് അനാദരവ് കാണിച്ചതിനെ തുടര്‍ന്ന് നാട്ടുകാരും പ്രതിഷേധിച്ചു. ശേഷം ഇന്നലെ വൈകിയാണ് മൃതദേഹം സംസ്‌കാര ചടങ്ങുകള്‍ക്കായി കൊണ്ടുപോയത്. സംഭവത്തില്‍ ഡല്‍ഹിയിലെ ഗ്രഫ് ആസ്ഥാനത്തേക്ക് പരാതി അയക്കുമെന്ന് ആലപ്പുഴ കളക്ടര്‍ ഡോ. അദീല അബ്ദുല്ല അറിയിച്ചു.

Exit mobile version