ചതിച്ചത് റോഡിലെ മണ്‍കൂന; ബോധമില്ലാതെ കിടപ്പിലായിട്ട് 2 മാസം; വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കണ്‍മണി പിറന്നതു പോലും അറിയാതെ സുനില്‍; പ്രാര്‍ത്ഥനയോടെ കുടുംബം

ഇതുവരെ ചികിത്സയ്ക്കായി 5.50 ലക്ഷം രൂപ ചെലവായി. 2 ലക്ഷത്തില്‍ താഴെ രൂപ മാത്രമാണു ആശുപത്രിയില്‍ അടച്ചത്.

തൃശ്ശൂര്‍: വര്‍ഷങ്ങളുടെ കാത്തിരിപ്പിനും ചികിത്സയ്ക്കും പിന്നാലെ പിറന്ന കുഞ്ഞിനെ ഒരു നോക്ക് കാണാന്‍ പോലും സാധിക്കാതെ, കുഞ്ഞു പിറന്നതുപോലും അറിയാതെ സുനില്‍ കുമാര്‍ ഒരേ കിടപ്പിലായിട്ട് ഇത് രണ്ടാം മാസം. 44-ാം വയസില്‍ തന്റെ ആദ്യകണ്‍മണിയെ ഏറ്റുവാങ്ങാനായി ഓടിപ്പായുന്നതിനിടെയാണ് നാട്ടിക ബീച്ചില്‍ അന്തിക്കാട്ട് രാമന്‍കുട്ടിയുടെ മകന്‍ സുനില്‍കുമാറി(44)നെ റോഡിലെ മണ്‍കൂന ചതിച്ചത്. മേയ് 8നു ചിറയ്ക്കല്‍ ഹെര്‍ബര്‍ട്ട് കനാലിനു സമീപം പൈപ്പ് ലൈന്‍ നിര്‍മാണത്തിനു കുഴിയെടുത്ത ശേഷം കൂട്ടിയിട്ട മണ്‍കൂനയില്‍ തട്ടി സുനില്‍ സഞ്ചരിച്ച ബൈക്ക് മറിഞ്ഞുവീണാണ് അപകടമുണ്ടായത്.

തലയ്ക്കും കഴുത്തിനും ഗുരുതര പരുക്കുകളോടെ തൃശ്ശൂര്‍ എലൈറ്റ് ആശുപത്രിയില്‍ എത്തിച്ച സുനില്‍കുമാറിന്റെ ജീവന്‍ നിലനിര്‍ത്താന്‍ 2 അടിയന്തര ശസ്ത്രക്രിയകളാണു നടത്തിയത്. ഇതിനിടെ അഞ്ചാംനാള്‍, തൃശ്ശൂര്‍പൂരം നടക്കുന്ന ദിനത്തില്‍ ഭാര്യ ജിഷ ഒരാണ്‍കുഞ്ഞിനു ജന്മംനല്‍കി. എന്നാല്‍ കുഞ്ഞു പിറന്ന വിവരം പോലും സുനില്‍ കുമാറിനെ അറിയിക്കാനായിട്ടില്ല. 27 ദിവസം വെന്റിലേറ്റര്‍ ഐസിയുവിലും 15 ദിവസം ന്യൂറോ ഐസിയുവിലും കിടത്തേണ്ടി വന്ന സുനില്‍ കുമാറിനെ അടുത്തിടെയാണു വാര്‍ഡിലേക്ക് മാറ്റിയത്.

കണ്ണുതുറന്നാല്‍ കുഞ്ഞിനെ കാണിക്കാമെന്ന പ്രതീക്ഷയില്‍ ബന്ധുക്കള്‍ ജിഷയെയും കുഞ്ഞിനെയും ആശുപത്രിയിലേക്കു കൊണ്ടുവന്നെങ്കിലും ഫലമുണ്ടായില്ല. വെളിച്ചമോ, മുന്നറിയിപ്പു സംവിധാനങ്ങള്‍ സ്ഥാപിക്കാതെ റോഡില്‍ വെളിച്ചമില്ലാത്ത ഭാഗത്താണു മണ്ണെടുത്ത് കൂട്ടിയിട്ടതാണ് അപകടകാരണമെന്നു ബന്ധുക്കള്‍ പറയുന്നു. നിയന്ത്രണംവിട്ട ബൈക്കില്‍നിന്നു റോഡില്‍ തലയടിച്ചു വീണ് തലയോട്ടി തകരുകയും തലച്ചോറിനു ക്ഷതമേല്‍ക്കുകയും ചെയ്തു. രക്തസ്രാവവും ഉണ്ടായിരുന്നു. ഇതുവരെ ചികിത്സയ്ക്കായി 5.50 ലക്ഷം രൂപ ചെലവായി. 2 ലക്ഷത്തില്‍ താഴെ രൂപ മാത്രമാണു ആശുപത്രിയില്‍ അടച്ചത്. ബാക്കി തുക സമാഹരിക്കാനായി കുടുംബം ഓടിപ്പായുകയാണ്. സുമനസുകളുടെ കനിവും കുടുംബത്തിന് അത്യാവശ്യമാണ്.

നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് വിനു പ്രബിന്ദ്കുമാറിന്റെയും സുനില്‍കുമാറിന്റെ അമ്മ തങ്കയുടെയും പേരില്‍ എസ്ബിഐ തൃപ്രയാര്‍ ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പര്‍ – 38576264229. ഐഎഫ്എസ്സി കോഡ് – എസ്ബിഐഎന്‍0070236. വിലാസം: അന്തിക്കാട് ഹൗസ്, നാട്ടിക ബീച്ച് പിഒ, നാട്ടിക. ഫോണ്‍: 7034568092-സതീഷ് (സഹോദരന്‍).

Exit mobile version