ശബരിമല വിവാദ പ്രസംഗം; കേസെടുത്ത നടപടി നല്ല രാഷ്ട്രീയമല്ല! സര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണ്: ശ്രീധരന്‍ പിള്ള

അതേസമയം ശബരിമലയിലേക്കുള്ള വാഹനങ്ങള്‍ക്ക് പാസ് ഏര്‍പ്പെടുത്തുന്നതിനെതിരെ കോടതിയെ സമീപിക്കന്നതിനെ കുറിച്ച് ആലോചിക്കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു

കോഴിക്കോട്: സര്‍ക്കാര്‍ തന്നെ കള്ളക്കേസില്‍ കുടുക്കി വേട്ടയാടുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള.

സര്‍ക്കാര്‍ തന്നെ വില്ലനാക്കി ചിത്രീകരിക്കുകയാണ്. ശബരിമല വിവാദ പ്രസംഗത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിനെതിരെ ഇരയെന്ന നിലക്കാണ് നീതി തേടി ഹൈക്കോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ കള്ളകേസില്‍ കുടുക്കിയതാണ്. കേസെടുത്ത സര്‍ക്കാര്‍ നടപടി നല്ല രാഷ്ട്രീയത്തിന്റെ ഭാഗമല്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

അതേസമയം ശബരിമലയിലേക്കുള്ള വാഹനങ്ങള്‍ക്ക് പാസ് ഏര്‍പ്പെടുത്തുന്നതിനെതിരെ കോടതിയെ സമീപിക്കന്നതിനെ കുറിച്ച് ആലോചിക്കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. എന്നാല്‍ ശബരിമല ദര്‍ശനത്തിന് പോകുന്നവര്‍ പോലീസ് സ്റ്റേഷനിലെത്തി പാസ് വാങ്ങണമെന്ന നിര്‍ദ്ദേശം ബിജെപി ലംഘിക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് പറഞ്ഞു.

തുലാമാസ പൂജ സമയത്ത് സ്ത്രീകള്‍ കയറിയാല്‍ നടയടയ്ക്കുമെന്ന തന്ത്രി കണ്ഠരര്‍ രാജീവര്‍ പറഞ്ഞത് തന്റെ ഉറപ്പിലാണെന്നും, നമ്മള്‍ മുന്നോട്ട് വച്ച അജന്‍ഡയില്‍ എല്ലാവരും വീണുവെന്നും കൃത്യമായ ആസൂത്രണത്തോടെയുള്ള ബിജെപി നടപ്പാക്കി പ്ലാനാണ് ശബരിമല സമരമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു.

കോഴിക്കോട് നടന്ന യുവമോര്‍ച്ച യോഗത്തിനിടെയായിരുന്നു ശ്രീധരന്‍ പിള്ളയുടെ പ്രസ്താവന. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ജാമ്യമില്ല വകുപ്പ് പ്രകാരം ശ്രീധരന്‍ പിള്ളക്കെതിരെ കേസ് എടുത്തത്. വീക്ഷണം റിപ്പോര്‍ട്ടറായ ഷൈബിന്‍ നന്മണ്ടയാണ് കോഴിക്കോട് കസബ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

Exit mobile version