പോലീസ് അനാസ്ഥയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റയാള്‍ മരണപ്പെട്ട സംഭവം: അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്

കോട്ടയം: വെമ്പള്ളിയില്‍ വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലീസ് അനാസ്ഥകാട്ടിയെന്ന പരാതിയില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്. കുറവിലങ്ങാട് സ്വദേശിയായ റോണി ജോ മരണപ്പെട്ട സംഭവത്തിലാണ് നടപടി.

സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഉടന്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.

കോട്ടയം വെമ്പള്ളിയില്‍ ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. കുറവിലങ്ങാട് സ്വദേശിയായ റോണി ജോയും മകന്‍ ഫിലിപ്പും സഞ്ചരിച്ചിരുന്ന ബൈക്കില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. വാഹനം ഇടിച്ചതിനെ തുടര്‍ന്ന് ഇരുവരും റോഡില്‍ വീണു.

ഈ സമയത്താണ് തൃശ്ശൂര്‍ എആര്‍ ക്യാമ്പിലെ പോലീസ് വാഹനം അതുവഴി കടന്നുപോയത്. എന്നാല്‍ ഈ വാഹനത്തില്‍ പരിക്കേറ്റവരെ കയറ്റാന്‍ തയ്യാറായില്ല. പിന്നീട് പരിക്കേറ്റ് കിടന്നിരുന്ന റോണി ജോയെ പോലീസ് വാഹനം എത്തി അരമണിക്കൂറിന് ശേഷമാണ് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ തയ്യാറായത്.

എന്നാല്‍, റോഡില്‍ കിടന്ന് രക്തം വാര്‍ന്നുപോകുന്ന അവസ്ഥയിലായിരുന്ന റോണിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെ പോലീസ് വാഹനത്തില്‍ കയറ്റണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും വാഹനത്തിലുണ്ടായിരുന്നവര്‍ അത് വിസമ്മതിക്കുകയായിരുന്നു.

എ.ആര്‍ ക്യാമ്പിലെ കറുകച്ചാലില്‍ നിന്നുള്ള ഒരു ഉദ്യോഗസ്ഥന്‍ വിരമിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ കൊണ്ടുവിടാന്‍ പോവുകയായിരുന്നു അവര്‍. റോണി ജോയെ പോലീസ് വാഹനത്തില്‍ കയറ്റാന്‍ തയ്യാറായിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നുവെന്നാണ് ആരോപണം. പൊതുപ്രവര്‍ത്തകനായ നൗഷാദ് തെക്കയില്‍ നല്‍കിയ പരാതിയിലാണ് നടപടി.

Exit mobile version