മഴ ഇനിയും പെയ്തില്ലെങ്കില്‍ സംസ്ഥാനം ലോഡ്‌ഷെഡ്ഡിങിലേക്ക്; നിര്‍ണായക നീക്കവുമായി വൈദ്യുതി ബോര്‍ഡ്

ലോഡ്ഷെഡ്ഡിങ്ങിന്റെ സാധ്യതകളെ കുറിച്ച് ചര്‍ച്ചചെയ്യാന്‍ വൈദ്യുതിബോര്‍ഡ് ചെയര്‍മാന്‍ എന്‍എസ് പിള്ള

കൊച്ചി: റെക്കോര്‍ഡ് മഴക്കുറവ് രേഖപ്പെടുത്തിയ ഈ മഴക്കാലത്ത് കേരളത്തില്‍ ലോഡ്‌ഷെഡ്ഡിങ് ഏര്‍പ്പെടുത്താന്‍ സാധ്യത ഒരുങ്ങുന്നു. വരും ദിവസത്തില്‍ മഴ പെയ്തില്ലെങ്കില്‍ ലോഡ്ഷെഡ്ഡിങ് വേണ്ടിവരുമെന്നാണ് വൈദ്യുത് ബോര്‍ഡ് നല്‍കുന്ന സൂചന. തീരുമാനങ്ങളെടുക്കാന്‍ വൈദ്യുതിബോര്‍ഡ് നാലാംതീയതി യോഗംചേരും. അണക്കെട്ടുകളില്‍ അവശേഷിക്കുന്ന വെള്ളത്തിന്റെ അളവ്, കാലാവസ്ഥാവകുപ്പിന്റെ റിപ്പോര്‍ട്ടുകള്‍, ഓരോദിവസത്തെയും ശരാശരി വൈദ്യുതോപയോഗം എന്നിവ കണക്കാക്കി ലോഡ്ഷെഡ്ഡിങ്ങിന്റെ സാധ്യതകളെ കുറിച്ച് ചര്‍ച്ചചെയ്യാന്‍ വൈദ്യുതിബോര്‍ഡ് ചെയര്‍മാന്‍ എന്‍എസ് പിള്ള പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

നിശ്ചിത ഇടവേളകളില്‍ ചെറിയ തോതില്‍ വൈദ്യുതി നിയന്ത്രിക്കാനാണ് ആലോചിക്കുന്നത്. അല്ലെങ്കില്‍ ഈ ദിവസങ്ങളില്‍ മഴ കനിയണം. അതേസമയം, സംസ്ഥാനത്തേക്ക് വൈദ്യുതി കൃത്യമായി എത്തിക്കാന്‍ സാധിക്കാത്തതാണ് സാഹചര്യം ഗുരുതരമാക്കുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും ഇഷ്ടംപോലെ വൈദ്യുതി കിട്ടാനുണ്ട്. എന്നാല്‍ കേരളത്തിലേക്ക് എത്തിക്കാന്‍ വേണ്ടത്ര ലൈന്‍ ഇല്ലാത്തതാണ് പ്രശ്‌നം. കൂടംകുളം-ഇടമണ്‍-കൊച്ചി ലൈന്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പൂര്‍ത്തിയാകേണ്ടതായിരുന്നെങ്കിലും കൊല്ലം ജില്ലയിലെ ഇടമണ്‍ മുതല്‍ കൊച്ചി വരെയുള്ള 148 കിലോമീറ്ററില്‍ 600-650 മീറ്ററിലുള്ള തര്‍ക്കം കേസാവുകയും പദ്ധതി വൈകുകയുമാണ്.

ഇവിടെ അലൈന്‍മെന്റ് മാറ്റണമെന്ന് പണികള്‍ നടത്തുന്ന പവര്‍ഗ്രിഡ് കോര്‍പ്പറേഷനോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഒരുടവര്‍ മാത്രം ഉള്‍ക്കൊള്ളുന്ന ഇത്രയും സ്ഥലത്തിനായി അലൈന്‍മെന്റ് മാറ്റുന്നതിന്റെ പ്രായോഗികബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിക്കുമെന്ന് പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ അധികൃതര്‍ പറഞ്ഞു. ഈ തര്‍ക്കം പരിഹരിച്ചിരുന്നുവെങ്കില്‍ സംസ്ഥാനത്തിന് ഈ പ്രതിസന്ധി നേരിടേണ്ടി വരില്ലായിരുന്നു.

Exit mobile version